കാഞ്ഞിരപ്പള്ളി : ദേശീയപാത 183-ൽ ചോറ്റിയിൽ യുവാവ് കാർ അലക്ഷ്യമായി അമിതവേഗത്തിൽ മറ്റ് വാഹനങ്ങളിൽ ഇടിച്ചുകയറ്റി 14 പേർക്ക് പരിക്ക്. ചോറ്റി ജങ്ഷനിൽ ഞായറാഴ്ച രാവിലെ 8.15-നായിരുന്നു അപകടം.

To advertise here,

കൂട്ടിക്കൽ പുത്തൂർ ശാരോൺ (27), കൂട്ടിക്കൽ മഠത്തിൽ അൻസാരി (65), കൂട്ടിക്കൽ മഠത്തിൽ സഹിൽ (31), മടുക്ക മരുതുംവയലിൽ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ എം.എസ്. അദ്വൈത് (ഒൻപത്), എം.എസ്. ആവണി (നാല്), ചോറ്റി ഇല്ലക്കുളത്ത് പി.വി. രാജൻ (65), കൊച്ചുമക്കളായ ചോറ്റി മരുതുംവയലിൽ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമൂട് രാജു (71) എന്നിവർ പരിക്കേറ്റ് ചികിത്സതേടി.

 

മൂന്നുപേർ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടിയശേഷം മടങ്ങി. അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്‌കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിനിടയാക്കിയ കാർ ഓടിച്ചിരുന്നത് കൂട്ടിക്കൽ പുത്തൂർ ശാരോണാണ്. പരിക്കേറ്റവരിൽ ഒൻപതുപേരെ ഇരുപത്തിയാറാം മൈൽ മേരീക്വീൻസ് മിഷൻ ആശുപത്രിയിലും രണ്ട് പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം സ്തംഭിച്ചു.

അപകടം ഇങ്ങനെ

മുണ്ടക്കയം ഭാഗത്തുനിന്ന് അമിത വേഗത്തിൽ കാറുമായി വന്ന യുവാവ് മുന്നിൽപോയ മറ്റൊരു കാറിൽ ചെറുതായി ഇടിച്ചു. ഇതിനുശേഷം മറികടന്ന് മുന്നോട്ട് കൊണ്ടുപോയി.

റോഡിൽ തൊട്ടുമുന്നിൽ തന്റെ തന്നെ ദിശയിൽ പോവുകയായിരുന്ന ഒാട്ടോയിൽ കാർ ഇടിച്ചു. എന്നിട്ടും നിർത്തിയില്ല. ഇതേദിശയിൽ പോയിരുന്ന മറ്റൊരു കാറിന്റെ പിന്നിലും ഇടിച്ചു.

നിയന്ത്രണംനഷ്ടമായ യുവാവിന്റെ കാർ എതിർദിശയിൽ പാതയോരത്ത് നിർത്തിയിട്ട ഒരു സ്കൂട്ടറിലും ഇടിച്ചു.

ചോറ്റി റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറാൻ അവസരം കാത്ത് നിർത്തിയിട്ടിരിക്കുകയായിരുന്ന ഒരു കാറിലും ഇടിച്ചു. ശേഷം സ്വന്തം കാർ യുവാവ് നിർത്തിയിട്ടു. അയാൾക്ക് പരിക്കേറ്റിരുന്നു. കാർ ലോക്കാവുകയുംചെയ്തിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് പുറത്തിറക്കി.

യാത്രക്കാരുടെ വിവരം

:കൂട്ടിക്കൽ സ്വദേശികളായ അൻസാരിയും സഹിലും ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്ന മടുക്ക സ്വദേശി ശ്യാംജിത്തും കുടുംബവും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു. കാർ പിന്നിലിടിക്കുന്നതുമാത്രമേ ഓർമ്മയിലുള്ളൂവെന്ന് ശ്യാംജിത്ത് പറയുന്നു. ഓട്ടോറിക്ഷ തെറിച്ച് തലകീഴായിട്ടാണ് വീണത്. നാലുവയസ്സുകാരി മകൾക്കടക്കം പരിക്കേറ്റു. അപകടത്തിൽ കൂട്ടിക്കൽ പുത്തൂർ ശാരോണിനെതിരേ (27) മനഃപൂർവം അപകടമുണ്ടാക്കിയതിന് മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്നവരും പറഞ്ഞു. നിലവിൽ ഇയാൾ ആശുപത്രിയിലാണെന്നും കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.ചോറ്റിയിൽ ആറ് വാഹനങ്ങളിൽ ഇടിപ്പിച്ച് 14 പേർക്ക് പരിക്ക്