കൊച്ചി : എസ്.ഐ.ആറിനെ കുറിച്ച് രാഹുൽഗാന്ധി ഉന്നയിക്കുന്ന ആരോപണങ്ങൾ കേരളത്തിലെ കോൺഗ്രസുകാർ പോലും വിശ്വസിക്കുന്നില്ലെന്ന് കേന്ദ്ര നിയമസഹമന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. ‘അരാജകത്വരാഷ്ട്രീയത്തിനെതിരേ ജനാധിപത്യം’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി. സെല്ലുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

 

വോട്ടർപട്ടികപരിഷ്കരണം നല്ലതാണെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തന്നെ നേരത്തേ പറഞ്ഞതാണ്. രാഹുൽ ഗാന്ധി അത് കേൾക്കാൻ തയ്യാറാവണം. ഇപ്പോൾ ഇവിടെനിന്ന് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് ഡൽഹിയിൽ പോയി സമരം ചെയ്യുന്നത് എന്നത് വലിയ വൈരുധ്യമാണ്. അരാജകത്വത്തിലൂടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന് ഒപ്പമാണ് കോൺഗ്രസ്. ബി.ജെ.പി. ശക്തമായതുകൊണ്ടാണ് ഇവിടെ ഭരണഘടനയും ജനാധിപത്യവും സുരക്ഷിതമായി തുടരുന്നത് -മന്ത്രി പറഞ്ഞു. കഹി നഹി ജായേംഗേ മോദി (മോദി എവിടെയും പോകില്ല) എന്ന ഗാനവും മന്ത്രി വേദിയിൽ പാടി.

എസ്.ഐ.ആറിൽ ഗൂഢാലോചന ആരോപിക്കുന്നവർ ആത്മാർഥമായി ജോലി ചെയ്ത ബി.എൽ.ഒ.മാരെ പ്രതിക്കൂട്ടിലാക്കുകയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു. അഡീഷണൽ സോളിസിറ്റർ ജനറൽ അഡ്വ. പി. ശ്രീകുമാർ അധ്യക്ഷനായി. ബി.ജെപി. എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് ആഡ്വ. കെ.എസ്. ഷൈജു, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒ.എം. ശാലിന, ബി.ജെ.പി. സംസ്ഥാന സാമ്പത്തിക സെൽ കൺവീനർ വിനീത ഹരിഹരൻ, ബി.ജെ.പി. സംസ്ഥാന ലീഗൽ സെൽ കൺവീനർ അഡ്വ. ആർ.വി. ശ്രീജിത്ത്, സംസ്ഥാന സാംസ്കാരിക സെൽ കോ-കൺവീനർ സജി ആവിഷ്കാർ എന്നിവർ സംസാരിച്ചു. പാനൽ ചർച്ചയിൽ ഹൈക്കോടതി സീനിയർ അഭിഭാഷകൻ എം.ആർ. ഹരിരാജ്, ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ. ശങ്കു ടി. ദാസ് എന്നിവർ പങ്കെടുത്തു.

 എസ്.ഐ.ആറിനെ കുറിച്ച് ബി.ജെ.പി. സംഘടിപ്പിക്കുന്ന സംവാദത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ നിർവഹിക്കുന്നു. ആർ.വി. ശ്രീജിത്ത്, വിനീത ഹരിഹരൻ, ശങ്കു ടി. ദാസ്, കെ.എസ്. ഷൈജു, അനൂപ് ആന്റണി, അഡീഷണൽ സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ, ഒ.എം. ശാലിന, ടി.പി. സിന്ധുമോൾ, എം.ആർ. ഹരിരാജ്, സജി ആവിഷ്കാർ എന്നിവർ സമീപം