വൈക്കം : വൈക്കം-എറണാകുളം റോഡിൽ മൂവാറ്റുപുഴയാറിന് കുറുകേ മറവൻതുരുത്ത്- ഉദയനാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇത്തിപ്പുഴപ്പാലം പുനർനിർമിക്കണമെന്ന് ആവശ്യം.
നേരേകടവ്-മാക്കേക്കടവ് പാലംകൂടി തുറന്നതോടെ ഇതുവഴി പോകുന്ന വാഹനങ്ങളുടെ എണ്ണം വർധിച്ചതാണ് പാലത്തിലൂടെയുള്ള ഗതാഗതത്തെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരാൻ ഇടയാകുന്നത്. കഴിഞ്ഞദിവസം കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെ.എച്ച്.ആർ.എ.) ഉദ്യോഗസ്ഥരെത്തി പാലത്തിന്റെ സുരക്ഷാ പരിശോധന നടത്തിയിരുന്നു.
പാലവും സമീപനറോഡും ചേരുന്ന ഭാഗത്തെ കരിങ്കൽ സംരക്ഷണഭിത്തിയിൽ വലിയ വിള്ളൽ വീണിട്ട് കാലങ്ങളായി. ഈ ഭാഗത്ത് സമീപറോഡ് ഇടിഞ്ഞുതാഴ്ന്ന് അപകടാവസ്ഥയിലാണ്.
ഇത് അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കിവിടുകയാണ് നാളുകളായി പൊതുമരാമത്തുവകുപ്പ് ചെയ്യുന്നത്. പാലത്തിൽ നടപ്പാതയില്ലാത്തത് അപകട ഭീഷണിയാണ്. 70 വർഷം മുമ്പാണ് ഇത്തിപ്പുഴപാലം നിർമിച്ചത്.
ഇടിഞ്ഞുതാഴ്ന്ന സമീപനറോഡിലെ മണ്ണ്, തകർന്ന കരിങ്കൽ ഭിത്തിയുടെ അടിഭാഗത്തുകൂടി പുഴയിലേക്കുവാർന്ന് പലതവണ വലിയ കുഴി രൂപപ്പെട്ടിരുന്നു.
കഴിഞ്ഞ നാലുവർഷത്തിനിടെ മൂന്നുതവണയാണ് ഇവിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന് വലിയ കുഴി രൂപപ്പെട്ടത്. ശാശ്വതപരിഹാരം കാണാതെ താത്കാലികമായി കല്ലിട്ടുനികത്തി ടാർചെയ്തതാണ് വീണ്ടും റോഡു താഴ്ന്ന് അപകടാവസ്ഥയിലാകാൻ കാരണം.
കണ്ടെയ്നർ അടക്കമുള്ള ഭാരവാഹനങ്ങൾ നിരന്തരം പോകുന്ന പാലം പൊളിച്ച് വീതികൂട്ടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സമാന്തര പാലത്തിന്റെ സാധ്യതാ പഠനത്തിന് സർക്കാർ അനുമതിക്കായി നിർദേശം സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്തുവകുപ്പ് പാലം വിഭാഗം അസി.എൻജിനിയർ എസ്.എ. കിരൺലാൽ പറഞ്ഞു.
Published: 01 Nov 2026, 02:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented