പുതുപ്പള്ളി : കോട്ടയം സഹോദയ കലോത്സവത്തിൽ പാലാ ചാവറ പബ്ലിക് സ്കൂളിന് ഹാട്രിക് ജയം. തുടർച്ചയായി മൂന്നാംവർഷവും സ്കൂൾ ഒാവറോൾ കിരീടം ചൂടിയത് 1105 പോയിന്റോടെയാണ്. ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം, മരിയൻ കളത്തിപ്പടി, ചിന്മയ ഇല്ലിക്കൽ, അരവിന്ദ പള്ളിക്കത്തോട് എന്നിവർ യഥാക്രമം അഞ്ചുവരെയുള്ള സ്ഥാനങ്ങൾ നേടി.

To advertise here,

മികവോടെ ഡോൺ ബോസ്കോ

പുതുപ്പള്ളി : സഹോദയ കലോത്സവത്തിന് പുതുപ്പള്ളി ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ വേദിയാകുന്നത് ഇത് ആദ്യം. കോട്ടയം സഹോദയയിലെ 110-ലേറെ സ്കൂളുകളിൽനിന്നുള്ള 6000-ലേറെ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമെത്തിയ കലോത്സവം കുറ്റമറ്റതാക്കി മാറ്റിയ മികവാണ് സ്കൂളിന്റേത്. സി.ബി.എസ്.ഇ. സ്കൂളിനൊപ്പം ഡോൺ ബോസ്കോ(കേരള) സ്കൂളിലെ അധ്യാപകരടക്കമുള്ളവരും സേവനനിരതരായി. അഞ്ച് പ്രധാന വേദികളടക്കം 22 വേദികളിലായിരുന്നു മത്സരം. മത്സരയിനങ്ങളിലും മൂകാഭിനയം ഉൾപ്പടെയുള്ള ഇനങ്ങളിൽ സ്കൂളിലെ കുട്ടികൾ ഒന്നാമതെത്തിയതും നേട്ടമായി.

ഹാട്രിക് വിജയത്തിൽ മോഹിനികളായി കുട്ടികൾ

പുതുപ്പള്ളി : അസുരന്മാരെ വശീകരിച്ച് ദേവന്മാർക്ക് അമൃത് നൽകുന്ന കഥ. ദേവന്മാരെ സഹായിക്കാനായി മഹാവിഷ്ണു, മോഹിനി രൂപം സ്വീകരിച്ച് അസുരന്മാരുടെ അടുത്തെത്തുന്നു . നൃത്തചുവടുകളിലൂടെ അസുരന്മാരെ വശീകരിച്ച് ദേവന്മാർക്ക് അമൃത് നൽകുന്ന മോഹിനികളായി മാറി കാറ്റഗറി മൂന്ന് സംഘനൃത്തത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ചാവറ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികൾ .

തുടർച്ചയായി മൂന്നാം വർഷവും സംഘനൃത്തത്തിൽ ഫസ്റ്റ് എ ഗ്രേഡ് സ്ഥാനം നിലനിർത്തുകയാണ്‌ ചാവറ പബ്ലിക് സ്കൂൾ .ജോലീൻ അന്ന ഷിനോബി , ശ്രീബാല എസ്.നായർ , റിതുനന്ദ ദീപക് , സൈരന്ധി സന്തോഷ് , മിന്നു മാത്യൂസ് ,അജെർലിന ജോയ്സ് , തനുശ്രീ ആർ .നമ്പൂതിരി എന്നിവരാണ് നൃത്തം അവതരിപ്പിച്ചത് .