നെടുമ്പാശ്ശേരി: യാത്രക്കാരുടെയും വിമാനങ്ങളുടെയും ചരക്കുനീക്കത്തിന്റെയും വർധിക്കുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് അടുത്ത 25 വർഷത്തേക്കുള്ള സമഗ്ര വികസന മാസ്റ്റർപ്ലാൻ തയ്യാറാക്കുകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). രണ്ടാം റൺവേ, പുതിയ കാർഗോ വില്ലേജ്, ടെർമിനൽ വികസനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള എം.ആർ.ഒ. കേന്ദ്രം, വിമാനപരിശീലന സൗകര്യങ്ങൾ, വാണിജ്യ-വിനോദസഞ്ചാര പദ്ധതികൾ തുടങ്ങി വിപുലമായ വികസനസാധ്യതകളാണ് ഇതിലുള്ളത്.
വിമാനത്താവളത്തെ യാത്രക്കാരുടെ വരവും പോക്കും മാത്രമുള്ള കേന്ദ്രമെന്ന നിലയിൽനിന്ന് വ്യോമയാന വ്യവസായത്തിന്റെയും ചരക്കുനീക്കത്തിന്റെയും വാണിജ്യത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ കൊച്ചി നഗരത്തിനും എറണാകുളം ജില്ലയ്ക്കും മധ്യകേരളത്തിനും വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനാകും.
കൊച്ചി വിമാനത്താവളത്തിന്റെ ദീർഘകാല വികസനപദ്ധതിയിലെ പ്രധാന നിർദേശമാണ് രണ്ടാം റൺവേ. വിമാനത്താവളത്തിന്റെ ഭാവിവികസനത്തിൽ ഏറ്റവും പ്രാധാന്യമുള്ള മറ്റൊരു പദ്ധതിയാണ് ആധുനിക കാർഗോ വില്ലേജ്. കൊച്ചി തുറമുഖം, വ്യവസായകേന്ദ്രങ്ങൾ, റെയിൽവേ ലജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവയുമായി മികച്ച ബന്ധമുണ്ടാക്കാനായാൽ കേരളത്തിന്റെ ചരക്കുനീക്കത്തിൽ വിമാനത്താവളത്തിന് കൂടുതൽ നിർണായക പങ്കുവഹിക്കാനാകും.
വിമാനങ്ങളുടെ അറ്റകുറ്റപ്പണി, പരിശോധന, പരിപാലനം എന്നിവയ്ക്കുള്ള എം.ആർ.ഒ. കേന്ദ്രങ്ങൾ വികസിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. എയ്റോ പാർക്കിന്റെ വികസനം പൂർത്തിയാകുന്നതോടെ നേരിട്ടും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കൊച്ചി വിമാനത്താവളത്തിൽ വിമാന സിമുലേറ്റർ, പൈലറ്റ് പരിശീലന കേന്ദ്രം, ഫ്ളൈയിങ് സ്കൂൾ എന്നിവ ആരംഭിക്കുന്നതിനുള്ള സഹകരണസാധ്യതകളും സിയാൽ തേടുന്നുണ്ട്. ഇതിനായി താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇവ യാഥാർഥ്യമായാൽ തൊഴിൽസാധ്യതകളും ഉയരും.
അന്താരാഷ്ട്ര ടെർമിനലിന് മുന്നിൽ വൻ വാണിജ്യസമുച്ചയം വികസിപ്പിക്കാനുള്ള പദ്ധതിയും സിയാലിനുണ്ട്. ഭക്ഷണശാലകൾ, റീട്ടെയിൽ ഷോപ്പുകൾ, വിനോദകേന്ദ്രം, മൾട്ടിപ്ലക്സ്, അക്വേറിയം തുടങ്ങിയ സൗകര്യങ്ങളാണ് വിഭാവനം ചെയ്യുന്നത്. ഏകദേശം 1.5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് സമുച്ചയം നിർമിക്കുന്നത്.
Published: 02 Nov 2026, 01:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented