പാമ്പാടി: മുന്തിരിത്തോപ്പുകളുടെ മനോഹാരിത ആസ്വദിക്കാൻ ഇനി അതിർത്തി കടക്കേണ്ട. പാമ്പാടി ഒന്നാം വാർഡിലെ ചെറുകുന്നിലെത്തിയാൽ മതി. വിളഞ്ഞുനിൽക്കുന്ന മുന്തിരിയും പൂത്തുലഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലികളും...കർഷകനായ തടിപ്പറമ്പിൽ കെ.ബി. മനോജിന്റെ പരീക്ഷണ കൃഷിയാണ് ഗ്രാമത്തിന് പുതിയ ദൃശ്യവിരുന്ന് സമ്മാനിച്ചത്.

To advertise here,

എട്ട് കംബോഡിയൻ ഇനം മുന്തിരിത്തൈകളിലൂടെയാണ് ഈ വിജയഗാഥയുടെ തുടക്കം. ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും പിന്മാറാൻ മനോജ് തയ്യാറായില്ല. വാടിപ്പോയാലും വീണ്ടും തളിർത്തുയരാനുള്ള കംബോഡിയൻ ഇനത്തിന്റെ സവിശേഷമായ അതിജീവനശേഷി തിരിച്ചറിഞ്ഞ് അദ്ദേഹം പരിശ്രമം തുടർന്നു. ഒരടി താഴ്ചയുള്ള കുഴികളിൽ വേപ്പിൻപിണ്ണാക്കും ചാണകവും എല്ലുപൊടിയും ചേർത്തുള്ള ജൈവപരിപാലനത്തിലൂടെ അദ്ദേഹം തൈകളെ തിരികെക്കൊണ്ടുവന്നു. ഇന്ന്, പാട്ടത്തിനെടുത്ത രണ്ടേക്കറിലെ രണ്ടുസെന്റ് സ്ഥലത്ത് മുന്തിരിവള്ളികൾ നിറയെ കായ്ച്ചുനിൽക്കുന്നു.

ഓരോ കുലയിലും നാല് കിലോമുന്തിരിപ്പഴങ്ങളാണ് വിളഞ്ഞുനിൽക്കുന്നത്. സഹോദരൻ രാജനൊപ്പം മൂന്ന് പതിറ്റാണ്ടായി മണ്ണിൽ പൊന്നുവിളയിക്കുന്ന മനോജ്, ഡ്രാഗൺ ഫ്രൂട്ടും പേരയും പച്ചക്കറികളും കൃഷിചെയ്യുന്നു.

പാമ്പാടി പഞ്ചായത്തും കൃഷിഭവനും കുടുംബശ്രീയുടെ ജെ.എൽ.ജി. മാവർണ ഗ്രൂപ്പും ചേർന്ന് നട്ടുവളർത്തിയ 600 മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലിച്ചെടികളും ഒപ്പമുണ്ട്.