പാലാ: മലയോരമേഖലയുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായ മീനച്ചിൽ മലങ്കരപദ്ധതിയുടെ നിർമാണംവർഷങ്ങൾ പിന്നിട്ടിട്ടും പാതിവഴിയിൽ. ടാങ്കുകളുടെയും ശുദ്ധീകരണപ്ലാന്റിന്റെയും പണി ഇഴയുന്നു. 2027-ൽ പൂർത്തിയാക്കുവാൻ ലക്ഷ്യമിട്ടെങ്കിലും നടപ്പില്ല.
ജൽജീവൻ മിഷൻ ജില്ലയിൽ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. 1243 കോടി രൂപയുടെ ഭരണാനുമതിയുള്ള പദ്ധതി 50 ശതമാനംപോലും നിർമാണം പൂർത്തിയായില്ല. ജലജീവൻ പദ്ധതിയെ ബാധിച്ച പ്രതിസന്ധിയാണ് മീനച്ചിൽ മലങ്കര പദ്ധതിയെയും അവതാളത്തിലാക്കിയത്. നീലൂരിലെ ശുദ്ധീരണപ്ലാന്റിന്റെ നിർമാണവും ഇഴയുന്നു. ഇടുക്കി ജില്ലയിലെ മലങ്കര അണക്കെട്ടിൽനിന്ന് വെള്ളം കോട്ടയം ജില്ലയിലെ നീലൂർ മലയിൽ നിർമിച്ച ടാങ്കിലെത്തിക്കുവാനുള്ള പൈപ്പുകൾ പകുതി ദൂരത്തിൽപോലും തീർത്തിട്ടില്ല. എട്ടുകിലോമീറ്ററാണ് പൈപ്പുകളിടേണ്ടത്.
പൂർത്തിയായത് നാലുകിലോമീറ്റർ മാത്രം. വള്ളിപ്പാറ വരെയാണ് പൈപ്പുകളിട്ടത്. 1000 മില്ലി മീറ്റർ വ്യാസമുള്ള പൈപ്പുകളാണ് ഇടുന്നത്. നീലൂർ മലയിൽ ടാങ്കിന്റെ നിർമാണം ഏറെക്കുറെ പൂർത്തിയായി. ശുദ്ധീകരിച്ച വെള്ളം വിവിധ പഞ്ചായത്തുകളിൽ എത്തിച്ച് വിതരണം ചെയ്യുവാനാണ് പദ്ധതി.
വിവിധ പഞ്ചായത്തുകളിലായി 150-ൽപരം ചെറുകിട ടാങ്കുകളാണ് നിർമിക്കുന്നത്. ഇവയുടെ നിർമാണവും പാതിവഴിയിൽ. പഞ്ചായത്തുകളിലെ ടാങ്കുകളിൽനിന്ന് വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പുകൾ മിക്ക പഞ്ചായത്തുകളിലും സ്ഥാപിച്ചിട്ട് വർഷങ്ങളായി.
എന്നാൽ പൈപ്പിടാനുള്ള കുഴികൾ മൂടി റോഡുകളുടെ അറ്റകുറ്റപ്പണി നടന്നിട്ടില്ല. പദ്ധതി പൂർത്തിയായാൽമാത്രമേ റോഡുകൾ പൂർവ സ്ഥിതിയിലാകൂ.മലങ്കര അണയിൽനിന്ന് വെള്ളമെടുത്ത് കടനാട് പഞ്ചായത്തിലെ നീലൂർ മലയിലെത്തിച്ച് കടനാട്, രാമപുരം, ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തലനാട്, തിടനാട്, തലപ്പലം, മീനച്ചിൽ, കൂട്ടിക്കൽ പഞ്ചായത്തുകളിൽ വെള്ളമെത്തിക്കുവാൻ ലക്ഷ്യം.
വാട്ടർ അതോറിറ്റി പാലായിൽ തുടങ്ങിയ ഓഫീസാണ് പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. അരലക്ഷത്തോളം കുടുംബങ്ങൾക്ക് വർഷം മുഴുവൻ വെള്ളം നൽകാം.
പദ്ധതി ഉടൻ പൂർത്തിയാക്കണം
പദ്ധതി വൈകുന്നതുമൂലം കുത്തിപ്പൊളിച്ച ഗ്രാമീണറോഡുകളുടെ ടാറിങ്പോലും വൈകുകയാണ്. പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കണം. നിർമാണം ഊർജിതമാക്കണം.
സജി എസ്. തെക്കേൽ, പൊതുപ്രവർത്തകൻ
സർക്കാരിന്റെ ഇടപെടൽ വേണം
പദ്ധതിയുടെ നിർമാണത്തിലുള്ള ഉദാസീനത അവസാനിപ്പിക്കണം. പദ്ധതിക്കുള്ള പണം എത്തിക്കുവാൻ സർക്കാർ നടപടിയെടുക്കണം. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദം ചെലുത്തണം.
ഷിലു കൊടൂർ പിഴക്
കുടിവെള്ളപദ്ധതികളെ ബാധിക്കുന്നു
പദ്ധതി നടപ്പാക്കുന്നതിനാൽ പുതിയ കുടിവെള്ളപദ്ധതികൾക്ക് അനുമതിയില്ല. പദ്ധതി പൂർത്തിയാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് നാട്ടുകാർ. നിലവിലുള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികൾ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ മേഖലയിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കുവാൻ ഏക ആശ്രയം ഈ പദ്ധതിമാത്രമാണ്.
റോബി ഊടുപുഴ, രാമപുരം
Published: 17 Sept 2026, 02:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented