ഇളവട്ടം : നന്ദിയോട് പഞ്ചായത്തിലെ പിന്നാക്ക മേഖലയായ മണലയത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ജീവിക്കാൻ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ല. നല്ല വഴി, കുടിവെള്ളം, ആതുരാലയം, അങ്കണവാടി എന്നിവയെല്ലാം ഇവർക്ക് അന്യമാണ്.
വികസനത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും അവകാശവാദങ്ങൾക്കിടയിലും കടുത്ത അവഗണനയുടെ തുരുത്താണ് മണലയം പ്രദേശം. വനമേഖലയോട് ചേർന്നു കിടക്കുന്ന ഇവിടെ വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷിയും പാടെ നിലച്ചിരിക്കുകയാണ്.
കുറുപുഴ വാർഡിൽപ്പെട്ട ഈട്ടിമൂട്, കാപ്പിത്തോട്ടം, വാളൻകുഴി, മണലയം എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇവിടെ 160-ലധികം കുടുംബങ്ങളാണ് അധിവസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കമ്മ്യൂണിറ്റി ഹാൾ ഒരു പ്രയോജനവുമില്ലാതെ കാടുകയറി നശിക്കുന്നു.
ഇവിടെ പി.എസ്.സി. പരീക്ഷാ പരിശീലനകേന്ദ്രം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നവർ ഇന്നും ജോലി ലഭിക്കാതെ നിരാശരായി തുടരുന്നു.
കുടിവെള്ളത്തിനും ബുദ്ധിമുട്ട്
രണ്ട് പതിറ്റാണ്ട് മുൻപ് കുടി തുടങ്ങിയ പദ്ധതി കാടുകയറി കിടക്കുന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 18-ലക്ഷം രൂപ ചെലവിട്ടാണ് 70 കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ പദ്ധതി തയാറാക്കിയത്. 24 അടി താഴ്ചയിൽ പാറ തുരന്ന് കുളം കുഴിക്കുകയും കുന്നിൻമുകളിൽ ടാങ്കും പമ്പ് ഹൗസും നിർമിക്കുകയും ചെയ്തു. എന്നാൽ ചില രാഷ്ട്രീയ-പ്രാദേശിക വിഷയങ്ങളെ തുടർന്ന് പണി പാതിവഴിയിൽ ഉപേക്ഷിച്ചു. കുളത്തിൽ നിറയെ വെള്ളമുണ്ടെങ്കിലും വീടുകളിൽ എത്തുന്നില്ല.
തകർന്നടിഞ്ഞ് റോഡുകൾ
കാപ്പിത്തോട്ടം, ഊട്ടിമൂട്, വാളൻകുഴി മേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകൾ തകർന്നിട്ട് കാലമേറെയായി. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ചിലഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ചെമ്മൺപാതയായതിനാൽ മഴക്കാലത്ത് പ്രദേശമാകെ ചെളിക്കളമായി മാറുന്നു. ഇത് വലിയ യാത്രാക്ലേശമാണ് പ്രദേശവാസികൾക്ക് സൃഷ്ടിക്കുന്നത്. മണലയത്തിന്റെ സമഗ്രമായ വികസനത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും, കുടിവെള്ളം, റോഡ്, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Published: 06 Nov 2026, 01:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented