പിരപ്പൻകോട് വി.എച്ച്.എസ്.എസിൽ സംഘർഷം
വെഞ്ഞാറമൂട് : പിരപ്പൻകോട് ഗവ. വി.എച്ച്.എസ്. സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കവും സംഘർഷവും. ഫലപ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. പ്രവർത്തകർ പ്രിൻസിപ്പലിനെയും അധ്യാപകരെയും സ്കൂൾ കെട്ടിടത്തിനുള്ളിൽ പൂട്ടിയിട്ടു. വൈകീട്ട് ആറോടെ വെഞ്ഞാറമൂട് പോലീസിന്റെ ഇടപെടലിനെത്തുടർന്നാണ് അധ്യാപകരെ മോചിപ്പിക്കാനായത്.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ കെ.എസ്.യു. മുൻതൂക്കം നേടിയിരുന്നു. എന്നാൽ, ക്രമക്കേട് ആരോപിച്ച് എസ്.എഫ്.ഐ. രംഗത്തെത്തിയതോടെ ഫലപ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച ഫലപ്രഖ്യാപനനടപടികൾ പുനരാരംഭിച്ചപ്പോഴും കെ.എസ്.യു. മുന്നേറ്റം തുടർന്നു. ആർട്സ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു. സ്ഥാനാർഥി വിജയിക്കുകയും ചെയർമാനായി കെ.എസ്.യുവിന്റെ ആർ. യഹിയ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഫലപ്രഖ്യാപനം പുരോഗമിക്കവേ, സ്ഥലത്തെത്തിയ എസ്.എഫ്.ഐ. പ്രവർത്തകർ തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരെയും പ്രിൻസിപ്പലിനെയും മുറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. മൂന്ന് മണിക്കൂറോളം ഉപരോധം നീണ്ടുനിന്നു. ഒടുവിൽ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചതായി സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് സമരം അവസാനിച്ചത്.
തങ്ങളുമായി ആലോചിക്കാതെയാണ് ഫലപ്രഖ്യാപനം നടത്തിയതെന്നും ഇത് സ്കൂൾ തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും എസ്.എഫ്.ഐ. ആരോപിച്ചു. അതേസമയം തർക്കങ്ങൾ പരിഹരിച്ചശേഷമേ ബാക്കി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കൂവെന്ന് സ്കൂൾ പ്രിൻസിപ്പൽ ഇൻ-ചാർജ് അറിയിച്ചു.
Published: 06 Nov 2026, 01:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented