പദ്ധതികൾ നടപ്പിലാക്കാനുമായില്ല
മാറനല്ലൂർ : വണ്ടന്നൂർ ഏലാ പ്രദേശത്തെ ജലസ്രോതസ്സായിരുന്ന കുരിശോട്ടുകോണം കുളം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല. മാറനല്ലൂർ പഞ്ചായത്തിലെ എരുത്താവൂർ വാർഡിൽപ്പെട്ട കുരിശോട്ടുകോണം കുളം മണ്ണ് മൂടി ഉപയോഗശൂന്യമായ നിലയിലാണ്. കഴിഞ്ഞതവണ പഞ്ചായത്ത് ഭരിച്ച ഇടതുപക്ഷം ഇവിടെ പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
കുളം പൂർവസ്ഥിതിയിലാക്കണമെന്നും പ്രദേശത്തെ കർഷകരെ ബുദ്ധിമുട്ടിക്കരുതെന്നും ആവശ്യപ്പെട്ടാണ് പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. എന്നാൽ, പദ്ധതികൾ നടപ്പിലാക്കാനായില്ലെന്നും പ്രതിഷേധത്തിന് ഇറങ്ങിയ കോൺഗ്രസിന് ഇപ്പോൾ മിണ്ടാട്ടമില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
പുതിയ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയെങ്കിലും കുളം പൂർവസ്ഥിതിയിലേക്ക് മാറ്റാൻ ഒരു ശ്രമവും സമരത്തിനിറങ്ങിയ കോൺഗ്രസുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വർഷങ്ങൾക്കുമുൻപ് വണ്ടന്നൂർ ഏലാ പ്രദേശത്തെ ജലസ്രോതസ്സായിരുന്നു കുരിശോട്ടുകോണം കുളം. നവീകരണമില്ലാതായതോടെ കുളം പായലും പാഴ്ച്ചെടികളും വളർന്ന് മണ്ണ് മൂടുകയായിരുന്നു.
തുടർന്ന് ഏലായിലേക്ക് വെള്ളമെത്താത്ത സ്ഥിതിയുമുണ്ടായി. നിരവധി തവണ കർഷകർ പഞ്ചായത്ത് അധികൃതർക്ക് പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാൻ മാറിവരുന്ന പഞ്ചായത്ത് ഭരണസമിതികൾ തയ്യാറായില്ല. തുടർന്ന് കുളം മണ്ണ് മൂടി ഉപയോഗശൂന്യമായി.
വൈകാതെ പ്രദേശത്തെ നാട്ടുകാരിൽ ചിലർ കുളത്തിൽ വാഴക്കൃഷി ചെയ്തുതുടങ്ങി. വാഴക്കൃഷി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പരാതിയുയർന്നു. ഇതേത്തുടർന്ന് കഴിഞ്ഞ പഞ്ചായത്ത് ഭര
ണസമിതി കുളത്തിൽ സ്വകാര്യവ്യക്തികൾ നടത്തിയ വാഴക്കൃഷി ഒഴിവാക്കുകയും കുളത്തിൽ മറ്റ് പല പദ്ധതികളും നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. നിർമ്മിതികേന്ദ്രത്തിന്റെ സഹായത്തോടുകൂടി ഇന്റർ ലോക്ക് നിർമാണ യൂണിറ്റും കുളത്തിന് പരിസരത്തായി ബാഡ്മിന്റൺ കോർട്ടുമാണ് നിർമ്മിക്കാനുദ്ദേശിച്ചത്.
ഇതിനുവേണ്ടിയുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കുളം നികത്തിയിട്ടല്ല നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അറിയിച്ചെങ്കിലും കോൺഗ്രസ് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് പദ്ധതികൾ നടപ്പിലാക്കാൻ കഴിയാതെവരുകയായിരുന്നു.
സമരത്തിനിറങ്ങിയ കോൺഗ്രസ് പ്രവർത്തകർക്ക് പ്രദേശത്തെ നാട്ടുകാർ കുളം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടാകുന്നില്ലെന്നാണ് പരാതി.
Published: 06 Nov 2026, 01:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented