അരുവിത്തുറ : കാമ്പസുകളിലെ യുവ വോട്ടർമാരെ വോട്ടർപ്പട്ടികയിൽ ചേർക്കുന്നതിനായി ഇലക്ഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നടപ്പാക്കുന്ന കാമ്പസ് ടു ബൂത്ത് പദ്ധതിക്ക്‌ സെയ്ന്റ് ജോർജ് കോളേജിൽ തുടക്കമായി. കോളേജിലെ എൻ.എസ്.എസ്. യൂണിറ്റും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടത്തിയ വോട്ടർ രജിസ്‌ട്രേഷൻ ബോധവത്ക‌രണവും കാംപെയിനും പാലാ ആർ.ഡി.ഒ. ഷാഹിനാ രാമകൃഷ്ണൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫിന് പോസ്റ്റർ കൈമാറി ഉദ്ഘാടനംചെയ്തു.

To advertise here,

വിദ്യാർഥികളിൽ നിന്നുള്ള അപേക്ഷകൾ കാഞ്ഞിരപ്പള്ളി തഹസിൽദാർ യാസിർ ഖാൻ ഏറ്റുവാങ്ങി. വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള പരിശീലനത്തിന് മാസ്റ്റർ പരിശീലകനായ ഷാരോൺ പി. ജോൺ നേതൃത്വം നൽകി. ചടങ്ങിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ ബിനോയി സെബാസ്റ്റ്യൻ, ആൻസിലി ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

പൂഞ്ഞാർ : ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിൽ ആരംഭിച്ച വോട്ടർ രജിസ്‌ട്രേഷൻ കാംപെയിൻ കാമ്പസ് ടു ബൂത്ത് പ്രിൻസിപ്പൽ ഡോ. ജോൺ ജോർജ് ഉദ്ഘാടനംചെയ്തു.

പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി കെ.ആർ. രാജേഷിൽനിന്ന്‌ എൻ.എസ്.എസ്. വൊളന്റിയർ സെക്രട്ടറി കെ.എസ്. ഗോപിക ഏറ്റുവാങ്ങി.

തുടർന്ന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ആദ്യ അപേക്ഷാഫോം സിനാൻ സെഡ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ.എസ്. അഖിലിൽനിന്നും സ്വീകരിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്.എസ്. അൽസഹീർ സന്ദേശം നൽകി.

പൂഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസുമായി സഹകരിച്ചാണ് എൻ.എസ്.എസ്. യൂണിറ്റുകൾ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

എൻ.എസ്.എസ്. അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ മാർട്ടിൻ ജെയിംസ്, ജോഷി ജോസഫ്, ഫ്‌ലവർ എബ്രഹാം തുടങ്ങിയവർ നേതൃത്വംനൽകി.