ചങ്ങനാശ്ശേരി : ടയർപൊട്ടിയ കാറുമായി എട്ടുകിലോമീറ്റർ പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി. അതിസാഹസികമായാണ് നാട്ടുകാർ, കാർ ഓടിച്ചയാളെ പിടികൂടിയത്. രാത്രി 7.30-ഓടെ തെങ്ങണ കണ്ണവട്ടയിലായിരുന്നു സംഭവം. പായിപ്പാട് വെള്ളാപ്പള്ളി മുതൽ ചാഞ്ഞോടി, മാടപ്പള്ളി, പെരുമ്പനച്ചി, തെങ്ങണ വഴി കണ്ണവട്ടവരെ എട്ടുകിലോമീറ്റർ ദൂരത്തിൽ ഒട്ടേറെ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചാണ് ടയർപൊട്ടിയ കാർ കടന്നുപോയത്. കാറിന്റെ മുൻഭാഗത്തെ ഒരു ടയർ പൊട്ടി ഡിസ്‌ക് റോഡിൽ ഉരഞ്ഞാണ് ഓടിയിരുന്നത്. ടയറിന്റെ ഭാഗത്തുനിന്ന്‌ തീപ്പൊരിയും ഉയർന്നിരുന്നു. തിരുവല്ല സ്വദേശിയായ ഗോകുൽ ബിനുവാണ് കാർ ഓടിച്ചിരുന്നത്. ചങ്ങനാശ്ശേരി മുക്കാട്ടുപടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിനിടയാക്കിയ കാർ.

To advertise here,

അപകടങ്ങൾ ഉണ്ടാക്കിയിട്ടും നിർത്താതെപോയ വാഹനത്തെ ഒട്ടേറെ വാഹനങ്ങളിൽ നാട്ടുകാർ പിൻതുടർന്നു. ഇവർ തെങ്ങണ കണ്ണവട്ടയിൽ പിന്നാലെയെത്തിയവർ വാഹനം തടഞ്ഞുനിർത്തി. തുടർന്ന് സ്ഥലത്തെത്തിയ തൃക്കൊടിത്താനം പോലീസ്, കാറോടിച്ചിരുന്ന ഗോകുൽ ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.