പാലാ : ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്- നേരേകടവ് പാലം വൈക്കത്ത് തുറന്നതോടെ നിർദിഷ്ട തുറവൂർ-പമ്പ സംസ്ഥാനപാതയ്ക്ക് പ്രാധാന്യമേറുന്നു. പാതയുടെ ഭാഗമായ പാലാ- കോഴാ റോഡിന്റെ നവീകരണവും നടക്കേണ്ടതുണ്ട്.
തുറവൂരിൽനിന്ന് തൈക്കാട്ടുശ്ശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കാപ്പുന്തല, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, പാലാ, പൈക, പൊൻകുന്നം, എരുമേലി വഴി പമ്പയിലെത്തുന്ന തുറവൂർ- പമ്പ പാത വിഭാവനം ചെയ്തിട്ട് പതിറ്റാണ്ടുകളായി. പാതയുടെ ആദ്യഘട്ടമായ തുറവൂർ- തൈക്കാട്ടുശ്ശേരി പാലം 2015-ൽ ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ പാലമായ മാക്കേക്കടവ്- നേരേകടവ് പാലമാണ് സമീപകാലത്ത് തുറന്നുകൊടുത്തത്. ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകളുടെ യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം ഒട്ടേറെ പ്രദേശങ്ങളുടെ വികസനത്തിനും തുറവൂർ- പമ്പ പാത സഹായകമാകും.
പാതയുടെ ഭാഗമായ പാലാ- കോഴാ റോഡിന്റെ വീതി വർധിപ്പിച്ച് ആധുനിക നിലവാരത്തിലേക്ക് ഉയർത്തണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
റോഡിന്റെ വീതി വർധിപ്പിക്കാനും വളവുകൾ നിവർത്താനും നടപടികളില്ലാത്തത് തിരിച്ചടിയാകുന്നു. റോഡിൽ മിക്കയിടങ്ങളിലും ഓടകളില്ല. പ്രധാന ജങ്ഷനുകളുടെ വികസനത്തിനൊപ്പം റോഡ് സുരക്ഷാസംവിധാനങ്ങളും തെരുവുവിളക്കുകളും സ്ഥാപിക്കുകയും വേണം.
കോഴായിലെ സയൻസ് സിറ്റി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലെത്തുന്നവർക്ക് റോഡ് വികസനം ഏറെ പ്രയോജനകരമാകും. ഇല്ലിക്കൽക്കല്ല്, ഇലവീഴാപ്പൂഞ്ചിറ, വാഗമൺ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്ര റോഡ് വികസനത്തോടെ എളുപ്പത്തിലാകും. കാർഷിക, വ്യാപാര മേഖലകൾക്കും പാത ഉണർവേകും. പാലാ മുതൽ കോഴാ വരെയുള്ള റോഡിൽ ഏതാനും വളവുകൾ നിവർത്തുകയും ബി.എം.ബി.സി. ടാറിങ് നടത്തുകയും ചെയ്തതൊഴിച്ചാൽ വികസനം നടത്തിയിട്ടില്ല. ഒട്ടേറെ വളവുകളും വീതിക്കുറവുമുള്ള റോഡിൽ ഒട്ടേറെ അപകടങ്ങളാണ് ഓരോവർഷവും ഉണ്ടാകുന്നത്. 13 വർഷം മുമ്പ് റോഡ് നവീകരണത്തിന് പദ്ധതിയിടുകയും തുക അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് നിലച്ചു.
Published: 03 Nov 2026, 02:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented