1.78 കോടി രൂപ മുടക്കി പണിതിട്ട് ഏഴുവർഷം

To advertise here,

മലിനജലസംസ്‌കരണകേന്ദ്രം സ്ഥാപിച്ചില്ല

ചാരുംമൂട് : 1.78 കോടി രൂപ മുടക്കി പണിത പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര മത്സ്യവിപണനകേന്ദ്രം ഇന്നും അടഞ്ഞുതന്നെ. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഏഴുവർഷമായി. കെ.പി. റോഡരികിൽ ആദിക്കാട്ടുകുളങ്ങര ജങ്ഷനു സമീപമാണ് കെട്ടിടം പണിതിട്ടുള്ളത്. മത്സ്യവിപണത്തിനായി അനുയോജ്യമല്ലെങ്കിൽ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നതിനോ മറ്റെന്തെങ്കിലും സർക്കാർ സ്ഥാപനത്തിനോ കെട്ടിടം ഉപയോഗിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

വിപണനകേന്ദ്രം തുറന്നുകൊടുക്കാത്തതിനാൽ കെ.പി. റോഡരികിലും മറ്റു റോഡുകളുടെ അരികിലുമാണ് ഇപ്പോൾ മത്സ്യക്കച്ചവടം നടത്തുന്നത്. പഞ്ചായത്തിലെ ഏറ്റവും കൂടുതൽ മത്സ്യവിപണനക്കാർ ആദിക്കാട്ടുകുളങ്ങരയിൽ ഉള്ളതിനാലാണ് വിപണനകേന്ദ്രം ഇവിടെ സ്ഥാപിച്ചത്. ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്‌സിക്കുട്ടിയമ്മ 2019 ഓഗസ്റ്റ് 12-നാണ് കെട്ടിടം ഉദ്ഘാടനംചെയ്തത്. വിപണനകേന്ദ്രം പൂർണമായി സജ്ജീകരിക്കാതെയായിരുന്നു അന്ന് ഉദ്ഘാടനം നടത്തിയത്. ഉടൻതന്നെ മത്സ്യവിപണനകേന്ദ്രം പ്രവർത്തനക്ഷമമാക്കുമെന്നും മത്സ്യഫെഡിന്റെ ഉൾപ്പെടെയുള്ള മത്സ്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ദേശീയ മത്സ്യവികസന ബോർഡിൽനിന്നും തീരദേശവികസന അതോറിറ്റിയിൽനിന്നുമാണ് 1.78 കോടി രൂപ അനുവദിച്ചത്. 28 സെന്റ് സ്ഥലത്ത് രണ്ടു നിലകളിലായാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ പച്ചമത്സ്യ വിൽപ്പനയ്ക്കായി 28 മുറികൾ, വ്യാപാരികൾക്ക് വിശ്രമമുറികൾ, ശൗചാലയങ്ങൾ, മിനി ഐസ് പ്ളാന്റ്, മുകളിലത്തെ നിലയിൽ ഉണക്കമത്സ്യ വിൽപ്പനയ്ക്കായി രണ്ടു ഹാളുകൾ, ഓഫീസ് മുറി, ശൗചാലയങ്ങൾ എന്നിവയാണുള്ളത്. പൊതുജനങ്ങൾക്കായി നാലു ശൗചാലയങ്ങൾ കൂടിയുണ്ട്.

മലിനജലസംസ്‌കരണ കേന്ദ്രം (ഇ.ടി.പി.) സ്ഥാപിക്കാത്തതാണ് വിപണനകേന്ദ്രം തുറന്നുകൊടുക്കാൻ വൈകുന്നതിനു കാരണം. രണ്ടുവർഷം മുൻപ്‌ ഇതിനായി 30 ലക്ഷം രൂപ ഗ്രാമപ്പഞ്ചായത്ത് പദ്ധതിയിൽ അനുവദിച്ചിരുന്നുവെങ്കിലും പണിനടന്നില്ല.