കാഞ്ഞിരപ്പള്ളി : മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവരെ പിടികൂടാൻ രാത്രികാല പട്രോളിങും കോമ്പിങും ശക്തമാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപത നടത്തിയ തൂഫാൻ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷൻ തൂഫാൻ ഇന്ത്യ കണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ്.

To advertise here,

പതിനയ്യായിരത്തിലധികം ആളുകളെ അറസ്റ്റുചെയ്തു കഴിഞ്ഞു. പതിമൂവായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. 200 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. പോലീസ് മാത്രം വിചാരിച്ചാൽ നാട് പൂർണമായി ലഹരിമുക്തമാക്കാൻ പറ്റില്ല. ജനങ്ങളെയെല്ലാം സംഘടിപ്പിച്ച് മുന്നേറ്റം നടത്തിയാലേ ഇത് അവസാനിപ്പിക്കാൻ കഴിയൂ. കുട്ടികൾ എന്തുചെയ്യുന്നുവെന്ന് നിരീക്ഷിക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം. കുട്ടികളെ മൊബൈലിന് അടിമകളാക്കി മാറ്റുന്ന ശീലം നാടിനാപത്താണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ പ്രൊഫ. റോണി കെ.ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, സിറിയക് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീർ, പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, രൂപതാ വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. രമേശ് ചെന്നിത്തല, ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തശേഷം പഴയപള്ളി മൈതാനത്ത് നിന്ന് ആരംഭിച്ച് സെയ്ന്റ് ഡൊമിനിക്‌സ് സ്‌കൂളിലേക്ക് നടത്തിയ റാലിയിൽ പങ്കെടുത്തു.

രൂപയുടെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ള മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കാഞ്ഞിരപ്പള്ളി സാംസ്‌കാരിക കേന്ദ്രത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.