ചെങ്ങന്നൂർ : ശബരിമല തീർഥാടകരെത്താൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും എം.സി.റോഡിലെ നടപ്പാതയിലെ കുഴികളടയ്ക്കാൻ നടപടിയില്ല. 10 വർഷം മുൻപ് റോഡുനവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊരുപ്പുകട്ടകൾ ഇളകിയാണ് കുഴികളായത്. ചെങ്ങന്നൂർ ടൗണിൽ ഇന്ത്യൻ കോഫി ഹൗസിന്റെയും കനറാ ബാങ്കിന്റെയും മുന്നിലെ നടപ്പാതയിൽ പാകിയ കട്ടകൾ ഇളകിയിട്ട് ഏറെനാളായി. നടപ്പാതയുടെ താഴെ അരയാൾ താഴ്ചയിൽ കാനയാണ്. കാൽ ഉള്ളിൽക്കുടുങ്ങിയാൽ വലിച്ചെടുക്കാനും പ്രയാസമാണ്.
റെയിൽവേ സ്റ്റേഷനിലെത്തുന്ന തീർഥാടകർ കാൽനടയായിട്ടാണ് ചെങ്ങന്നൂർ ക്ഷേത്രത്തിലേക്കും തിരിച്ചും പോകുന്നത്. തീർഥാടനകാലം തുടങ്ങിയാൽ ഈ നടപ്പാതയിലടക്കം വലിയ തിരക്കാണ്. അതിനാൽ നഗരത്തിലെ നടപ്പാതയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.
വെള്ളാവൂർ ജങ്ഷൻ മുതൽ കോട്ടയം വരെയുള്ള എം.സി.റോഡിന്റെ ഭാഗം കെ.എസ്.ടി.പി.യിൽനിന്ന് ദേശീയപാത വിഭാഗം ഏറ്റെടുത്തിരുന്നു. റോഡു നവീകരിച്ചെങ്കിലും നടപ്പാതയുടെ കാര്യം അധികൃതർ മറന്നു. തീർഥാടകർക്കുൾപ്പെടെ സുരക്ഷിതമായി നടക്കാനുള്ളതാണ് നടപ്പാതകൾ. എന്നാൽ, എം.സി.റോഡിലെ നടപ്പാതയിൽ ഇക്കാര്യത്തിൽ ഒരുറപ്പുമില്ല. നടപ്പാതയിലെ സ്ലാബുകൾ ചേരുന്ന ഭാഗത്ത് വിള്ളലുണ്ട്. മഴപെയ്യുമ്പോൾ വെള്ളത്തിനൊപ്പമെത്തുന്ന മാലിന്യം വിള്ളലുള്ള ഭാഗങ്ങളിൽ അടിയുന്നതുമൂലം കെട്ടിനിൽക്കുന്ന അവസ്ഥയാണ്.
എം.സി.റോഡിലെ അനധികൃത കടകളും കൈയേറ്റങ്ങളും നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ദേശീയപാത വിഭാഗത്തിനു കത്തുനൽകിയിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല.
Published: 03 Nov 2026, 02:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented