​കുറിച്ചി : പ്രദേശത്തെ തോടുകളും ജലാശയങ്ങളും പ്ലാസ്റ്റിക് മാലിന്യവും കൂട്ടിയിട്ട അവശിഷ്ടങ്ങളും നിറഞ്ഞ് കടുത്ത മലിനീകരണ ഭീഷണിയിൽ. മഞ്ഞപ്പിത്തവും വൈറൽപനിയും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകുന്നു. ഓടകളിലും തോടുകളിലും വൻതോതിൽ പ്ലാസ്റ്റിക്കും മറ്റ് മാലിന്യവും അടിഞ്ഞുകൂടിയ നിലയിലാണ്.

To advertise here,

പൊതുജലാശയങ്ങളിലേക്ക് പ്ലാസ്റ്റിക് അവശിഷ്ടങ്ങളും വീടുകളിൽനിന്നുള്ള മാലിന്യവും നിക്ഷേപിക്കുന്നത് പതിവായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായനടപടിയുണ്ടാകുന്നില്ല.

​തുലാമഴ കനത്തതോടെ ഇത്തരം ജലാശയങ്ങളിൽനിന്ന് ദുർഗന്ധം വമിക്കുന്ന മലിനജലം കവിഞ്ഞൊഴുകി സമീപത്തെ വീട്ടുപറമ്പുകളിലേക്കും കിണറുകളിലേക്കും കലരാൻ തുടങ്ങിയിട്ടുണ്ട്. ഇത് കുടിവെള്ള സ്രോതസ്സുകൾ മലിനമാകുന്നതിനും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനും ഇടയാക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

​മഴശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യവിഭാഗത്തിന്റെ അടിയന്തര പരിശോധന ഉണ്ടാകണമെന്നും, കുടിവെള്ള ശുദ്ധി ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. തോടുകളിലും പൊതുവഴികളിലും രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ക്യാമറ സ്ഥാപിച്ച് ഇത്തരക്കാർക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.​മഴ ഉറയ്കുന്നതിന് മുൻപ് തന്നെ തടസ്സങ്ങൾനീക്കി ജലാശയങ്ങൾ ശുചീകരിക്കാനും മലിനജലം ഒഴുക്കിവിടുന്നത് തടയാനും പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെടണം.

ബോധവത്കരണം നടത്തണം

പഞ്ചായത്തിന്റെ പദ്ധതികളിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തണം. ജലാശയങ്ങളിലേക്ക്‌ മാലിന്യം തള്ളുന്നവർക്കെതിരേ നടപടി വേണം.ഏറെ മാലിന്യംനിറഞ്ഞ് ഒഴുകുന്നത് കൈതോടുകൾ ആണ്. ശുചീകരണപദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി മാലിന്യം നീക്കം ചെയ്യണം.

ടോജോ ചിറ്റേട്ടുകളം

പൊതുപ്രവർത്തകൻ