കാഞ്ഞിരപ്പള്ളി : മലിനമായി ഒഴുകുന്ന ചിറ്റാർ പുഴ ശുചീകരിക്കാൻ പദ്ധതികളില്ല. രണ്ട് പ്രളയങ്ങളിൽ ഒഴുകിയെത്തിയ മാലിന്യക്കൂമ്പാരങ്ങളിൽ പുഴയുടെ ആഴം കുറഞ്ഞനിലയിലാണ്. ഒട്ടേറെ കുടിവെള്ളപദ്ധതിയുടെ കുടിവെള്ളസ്രോതസ്സുകളും ചിറ്റാർ പുഴയോരത്താണ് സ്ഥിതി ചെയ്യുന്നത്. 2018-ലാണ് അവസാനമായി ചിറ്റാർ പുനർജനി പദ്ധതിയുടെ ഭാഗമായി അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കി പുഴയ്ക്ക് ആഴംകൂട്ടിയത്.
പിന്നീട് 2022-ൽ തെളിനീരൊഴുകും നവകേരളം കാംപെയിന്റെ ഭാഗമായി കൈത്തോടുകളായ ആനക്കല്ല് തോട്, ആനിത്തോട്ടം, പൊട്ടത്തോട്, കടമപ്പുഴത്തോട്, പടപ്പാടി തോട് എന്നിവ ശുചീകരിച്ചിരുന്നു.
പിന്നീട് പുഴ ശുചീകരിക്കാൻ പദ്ധതികളൊന്നുമുണ്ടായില്ല. പുഴയുടെ ആഴം കുറഞ്ഞതോടെ മഴയില്ലാത്തപ്പോൾ ടൗൺഭാഗത്ത് പുഴയിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്.
പരിശോധനകളില്ല
:പുഴസംരക്ഷണത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാലിന്യംതള്ളുന്നവരെ പിടികൂടാൻ കർശന നടപടികൾ സ്വീകരിച്ചിരുന്നു. പരിശോധനകൾ കുറഞ്ഞതോടെ പുഴയിലേക്ക് മാലിന്യംതള്ളുന്നതും കൂടി. പടപ്പാടി തോട്ടിൽ പൂതക്കുഴി ചെക്ക്ഡാമിലേക്കും തോട്ടിലേക്കും അറവ് ശാലകളിൽനിന്നടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്.
ചാക്കിൽ കെട്ടി തള്ളുന്ന മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് ചിറ്റാർ പുഴയിലേക്കാണ്. വേനലാകുന്നതോടെ ഈ ചെക്ക്ഡാമിനെ ആശ്രയിക്കുന്നവരെ ഈ മാലിന്യംതള്ളൽ ബാധിക്കും.
വേണം ക്യാമറകൾ
:പുഴയിലേക്കും കൈത്തോടുകളിലേക്കും മാലിന്യംതള്ളുന്നവരെ പിടികൂടാൻ ക്യാമറകൾ സ്ഥാപിക്കുവാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്. മുൻപ് പട്ടണത്തോട് ചേർന്നുള്ള പേട്ടക്കവലയിലും മണിമല റോഡരികിലും മാലിന്യം തള്ളുന്നത് തടയാൻ ഇരുമ്പ് വേലികൾ സ്ഥാപിച്ചിരുന്നു. എന്നാൽ കൈത്തോടുകളിൽ രാത്രികാലങ്ങളിലെത്തി മാലിന്യംതള്ളുന്നവരെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Published: 11 Nov 2026, 02:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented