കടപ്ലാമറ്റം : എല്ലാവർഷവും അനുസ്മരണം നടത്താറുണ്ടെങ്കിലും മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പേരിലുള്ള റോഡിന് നവീകരണമില്ല. കെ.ആർ. നാരായണൻ റോഡ് എന്ന പേരിൽ സംസ്ഥാനപാതയായി ഉയർത്തുമെന്ന പ്രഖ്യാപനമല്ലാതെ തുടർ നടപടികളില്ല.

To advertise here,

എം.സി. റോഡിന് സമാന്തരപാതയായി ഉപയോഗിക്കുന്ന തിരുവല്ല- നെടുമ്പാശ്ശേരി റോഡിന്റെ കിടങ്ങൂർ മുതൽ കൂത്താട്ടുകുളംവരെയുള്ള ഭാഗം കെ.ആർ. നാരായണൻ റോഡായി പ്രഖ്യാപിച്ച് നവീകരിക്കുമെന്ന് പതിറ്റാണ്ടുകൾക്ക് മുമ്പാണ് വാഗ്ദാനമുണ്ടായത്. കിടങ്ങൂർമുതൽ മരങ്ങാട്ടുപിള്ളിവരെയുള്ള ഭാഗത്താണ് കൊടുംവളവുകൾ ഏറെയും. കിടങ്ങൂരിന് സമീപം മൂന്നുതോട് ഭാഗത്ത് അപകടം പതിവായിരിക്കുകയാണ്.

വളവുകൾ തിരിഞ്ഞുവരുന്ന വാഹനങ്ങൾ പാടത്തേക്ക്‌ വീഴുന്നത് ജനങ്ങൾക്കും ഭീഷണിയാകുകയാണ്. കിടങ്ങൂരിന് സമീപമുള്ള ഭാഗം കഷ്ടിച്ച് ഒരു വാഹനത്തിനുമാത്രം പോകാൻ കഴിയുന്നവിധം ഇടുങ്ങിയതാണ്. കിടങ്ങൂരിനും കടപ്ലാമറ്റത്തിനുമിടയിൽ 22 കൊടുംവളവുകളുണ്ട്. ഗതാഗതക്കുരുക്കേറിയ എം.സി. റോഡിന് സമാന്തരപാത എന്നനിലയിലാണ് കെ.ആർ. നാരായണൻ റോഡ് നവീകരിക്കാൻ പ്രഖ്യാപനം നടത്തിയത്.

തിരുവല്ല-പുതുപ്പള്ളി-മണർകാട്-കിടങ്ങൂർ-മരങ്ങാട്ടുപിള്ളി-ഉഴവൂർ വഴി കൂത്താട്ടുകുളത്തെത്തിയാണ് വാഹനങ്ങൾ വീണ്ടും എം.സി.റോഡിൽ ചേരുന്നത്. നെടുമ്പാശ്ശേ​രിയിലേക്കുള്ള സമാന്തരപാതയായി കണക്കിലെടുത്ത് നിലവിൽ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന ഇതിലൂടെ പോകുന്നത്.

കിടങ്ങൂർമുതൽ കൂത്താട്ടുകുളംവരെയുള്ള ഭാഗത്ത് ആവശ്യമായ സ്ഥലങ്ങളിൽ കലുങ്ക്, ഓട, സംരക്ഷണഭിത്തി എന്നിവ നിർമിക്കാനാണ് മുമ്പ് അനുവാദം നൽകിയത്.

എന്നാൽ, കാര്യമായ നിർമാണപ്രവർത്തനങ്ങൾ നടന്നില്ല. അനുവദിച്ച തുക ശരിയായി വിനിയോഗിച്ചിരുന്നെങ്കിൽ വളവുകൾ നിവർത്തിയും വീതികൂട്ടിയും റോഡ് നവീകരിക്കാൻ സാധിക്കുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.