പാലാ : നഗരത്തിരക്കിൽ ബസ് കാത്തുനിൽക്കുമ്പോൾ മഴയും വെയിലും വരുമ്പോൾ കയറി നിൽക്കുവാനൊരിടമില്ലാതെ യാത്രക്കാർ. ടൗൺ ബസ് സ്റ്റാൻഡിന് എതിർവശം തിരക്കേറിയ പ്രധാന റോഡിലെ ബസ് സ്‌റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവരാണ് ദുരിതമനുഭവിക്കുന്നത്.

To advertise here,

പാലാ ടൗൺ ബസ് സ്റ്റാൻഡിന്റെ മുൻവശത്ത് നടപ്പാതയിലാണ് ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്. പാലാ സിവിൽ സ്‌റ്റേഷനിലും ടൗണിലുമുള്ള പല സ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരും ടൗണിലുള്ള ഗവ. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളും ഉൾപ്പെടെ അനേകം യാത്രക്കാർ ഈ സ്‌റ്റോപ്പിലാണ് ബസ് കയറാൻ നിൽക്കുന്നത്. നേരത്തേ ഈ ഭാഗത്ത് അടഞ്ഞുകിടന്നിരുന്ന സ്ഥാപനത്തിന്റെ വരാന്തയിൽ കയറി നിൽക്കുവാൻ സാധിക്കുമായിരുന്നു. ഇപ്പോൾ അവിടെ പുതിയ സ്ഥാപനം തുടങ്ങിയതിനാൽ നിൽക്കാൻ കഴിയില്ല. യാത്രികർ ബസ് വരുന്നതുവരെ ശക്തമായ വെയിലും മഴയുംകൊണ്ട് വഴിയോരത്ത് കാത്തുനിൽക്കുകയാണ്. ഈ ഭാഗത്തുള്ള സീബ്രാലൈനിലും റോഡിന്റെ മധ്യഭാഗത്തും പല ബസുകളും നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നതും സാധാരണയാണ്.