ഈരാറ്റുപേട്ട : റോഡ് പുനർനിർമിക്കുന്നതിന്റെ ആവശ്യം റോഡിലൂടെ നടന്ന് മനസ്സിലാക്കി എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ.
ഈരാറ്റുപേട്ട- വെയിലുകാണാംപാറ ബൈപ്പാസ് റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് എം.എൽ.എ. ജനപ്രതിനിധികളോടും നാട്ടുകാരോടുമൊപ്പം നടന്നത്. ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റോഡിൽനിന്ന് വെയിലുകാണാംപാറ, ചിറപ്പാറ, പെരുന്നിലം വഴി തീക്കോയി കവലയിലെത്തുന്ന ബൈപ്പാസ് 2014-ൽ വിഭാവനം ചെയ്തതാണ്. ഇതിനായി വിജ്ഞാപനമിറക്കി സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കേയാണ് നിർമാണം അവസാനിപ്പിച്ചത്. ഈ ബൈപ്പാസിന്റെ ആദ്യഘട്ടമായ തടവനാൽ പാലവും അനുബന്ധ റോഡിന്റെ സ്ഥലം ഏറ്റെടുക്കലും കഴിഞ്ഞതോടെ പ്രവർത്തനങ്ങൾ നിലച്ചു. ശബരിമല തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഈരാറ്റുപേട്ട നഗരസഭയ്ക്കും പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകൾക്കും പ്രദേശവാസികൾക്കും ഗുണകരമാണ് നിർദിഷ്ട ബൈപ്പാസ് എന്ന് എം.എൽ.എ.യും ജനപ്രതിനിധികളും വിലയിരുത്തി.
തുടർന്നുനടന്ന അവലോകനയോഗത്തിൽ നിർമാണം ആരംഭിക്കുന്നതിനായുള്ള പണം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുൻ ഗസറ്റ് വിജ്ഞാപനം അനുസരിച്ചുള്ള സ്ഥലമേറ്റെടുപ്പ് നടപടി ആരംഭിക്കുമെന്നും എം.എൽ.എ. ഉറപ്പുനൽകി. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷൻ വി.പി. നാസർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്‌കറിയ, ജില്ലാപഞ്ചായത്ത് അംഗം ആർ. ശ്രീകല, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ പുത്തൻകൈപ്പുഴ, തിടനാട് പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ, സാബു പ്ലാത്തോട്ടം, ജോൺസൺ ചെറുവള്ളി, ഷൈനി ബെന്നി, സജി പ്ലാത്തോട്ടം, അഫ്‌സൽ ഇജാസ്, ഗീതാ നോബിൾ തുടങ്ങിയവർ പ്രസംഗിച്ചു.
Published: 27 Oct 2026, 02:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented