അതിരമ്പുഴ : മികച്ച ചികിത്സയ്ക്ക്‌ പേരുകേട്ട, ഒരുകാലത്ത് പ്രസവചികിത്സ വരെയുണ്ടായിരുന്ന അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം ഇന്ന് അത്യാസന്നനിലയിലായി. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുൻപ് രാജാക്കന്മാരാൽ പണികഴിപ്പിക്കപ്പെട്ടതാണീ ആതുരാലയം.

To advertise here,

ജില്ലാ ആശുപത്രിയും മെഡിക്കൽ കോളേജും വരുന്നതിനുമുമ്പ് ഏറ്റുമാനൂർ, അതിരമ്പുഴ, കാണക്കാരി, നീണ്ടൂർ, ആർപ്പൂക്കര തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ ആശുപത്രി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ ദിവസേന മുന്നൂറോളം രോഗികൾ ചികിത്സ തേടുന്നു. വർഷങ്ങൾക്കുമുമ്പുവരെ രണ്ടു വാർഡുകളിലായി 30-ഓളം കിടക്കകളിൽ കിടത്തിച്ചികിത്സ നൽകിയിരുന്നു.24 മണിക്കൂറും ഡോക്ടർമാർ ഉണ്ടായിരുന്നതാണ്. ഇപ്പോൾ വൈകീട്ട്‌ അഞ്ചുമണിവരെ മാത്രമേ ഡോക്ടറുള്ളൂ. രാത്രി അനവധി രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവരുന്നു.എക്‌സ്റേ‌ യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട്‌ വർഷങ്ങളായി. താത്‌കാലികമായി നിയമിച്ച ജീവനക്കാർ എത്തിയില്ലെങ്കിൽ ഇ.സി.ജി. എടുക്കണമെങ്കിലും പുറത്തെ സ്വകാര്യ ലബോറട്ടറികളെ ആശ്രയിക്കണം.

പരിഹാരം ഉണ്ടാകണം

ആശുപത്രിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ട് മാസങ്ങളായി. പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആം ആദ്മി പാർട്ടി പ്രതിഷേധയോഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയ്‌ ചാക്കോമുട്ടത്തുവയൽ അധ്യക്ഷത വഹിച്ചു.

പി.ജെ. ജോസഫ് പാക്കുമല, ടോമി പാറപ്പുറം, സജി ഇരുപ്പുമല, ബെന്നി ലൂക്ക മ്ലാവിൽ, സുജിത് കുമാർ, ത്രേസ്യാമ്മ അലക്‌സ്, വർക്കി ചെമ്പനാനി തുടങ്ങിയവർ പ്രസംഗിച്ചു.