കറുകച്ചാൽ : സാമൂഹവിരുദ്ധരുടെ കേന്ദ്രമായി ബസ്‌സ്റ്റാൻഡ് മാറുന്നതായി പരാതി. കഴിഞ്ഞ ദിവസം കാത്തിരിപ്പുകേന്ദ്രത്തിനുള്ളിൽ പുകവലിച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരേ അസഭ്യവർഷവുമുണ്ടായി.

To advertise here,

സന്ധ്യ കഴിഞ്ഞാൽ ബസ്‌സ്റ്റാൻഡ്‌ സാമൂഹികവിരുദ്ധരുടെ താവളമായി മാറുകയാണ്. കാത്തിരിപ്പുകേന്ദ്രം, ശൗചാലയം എന്നിവയുടെയും കടകളുടെയും ബസുകളുടെയും മറവിലാണ് ചിലർ പരസ്യമായി മദ്യപിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട് ബസ്‌സ്റ്റാൻഡിനുള്ളിൽ കിടക്കും. വൈകീട്ട് ആറരമുതൽ മദ്യപിച്ച് കടത്തിണ്ണകളിലും കാത്തിരിപ്പുകേന്ദ്രങ്ങളിലും കിടക്കുകയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയുമാണ് ചെയ്യുന്നത്. മദ്യപാനികൾ തമ്മിൽ ബഹളവും അടിപിടിയും പതിവാണെന്ന് വ്യാപാരികൾ പറയുന്നു.

ചോദ്യം ചെയ്താൽ വലിയ പ്രശ്നങ്ങളിലേക്ക് പോകുമെന്ന് കരുതി ആളുകൾ പ്രതികരിക്കാറില്ല. പ്രതികരിക്കുന്നവർക്ക് നേരേയും അസഭ്യവർഷവും ഉണ്ടാകും. തിരക്കേറിയ ബസ്‌സ്റ്റാൻഡിനുള്ളിൽ പുകവലിയും പരസ്യ മദ്യപാനവും നടത്തുന്നത് തടയാൻ പോലീസിന്റെ ഭാഗത്തുനിന്ന്‌ ശക്തമായ നടപടി വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം.