തീക്കോയി : ഈരാറ്റുപേട്ട-വാഗമൺ സംസ്ഥാനപാതയിൽ കാരികാട് ടോപ്പിനുസമീപം നിർമാണമാരംഭിച്ച വാച്ച് ടവർ 12 വർഷമായിട്ടും പൂർത്തിയായില്ല.

To advertise here,

2014-ൽ നിർമാണമാരംഭിച്ച വാച്ച് ടവറിന് ഇതുവരെ ഒരുകോടിയിലേറെ രൂപ മുടക്കി. പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പുകേന്ദ്രം ഇരുന്ന സ്ഥലത്താണ് വാച്ച് ടവർ നിർമാണം ആരംഭിച്ചത്.

മൂന്നുനിലയോടുകൂടി നിർമിക്കാനാണ് പദ്ധതി.മുകൾനിലയിൽ കാന്റീനും ടെലിസ്കോപ്പ് അടക്കമുള്ള നിരീക്ഷണസൗകര്യവുമാണ് ലക്ഷ്യമിട്ടിരുന്നത്.

ഒരേസമയം 30 പേർക്ക് ഇവിടെ നിന്ന് കാഴ്ചകൾ കാണാം. തെളിഞ്ഞ കാലാവസ്ഥയിൽ കിലോമീറ്ററുകൾ അകലെവരെ ഇവിടെ നിന്നാൽ കാണാം.

വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിന് ഇവിടെനിന്ന്‌ മൂന്ന് കിലോമീറ്ററുണ്ട്. സമുദ്രനിരപ്പിൽനിന്ന്‌ 1500 അടി ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്.

അടുത്തനാൾവരെ കെട്ടിടത്തിന്റെ രണ്ടാംനിലയിൽ ചുറ്റുമതിലും സംരക്ഷണവേലിയും നിർമിക്കാത്ത നിലയിലായിരുന്നു.

കാരികാട് ടോപ്പിലെത്തുന്ന വിനോദസഞ്ചാരികൾ റോഡിൽനിന്ന്‌ നേരേ കയറുന്നത് രണ്ടാംനിലയിലേക്കായിരുന്നു. ഇത് അപകടഭീതിയുണർത്തിയിരുന്നു. ഇപ്പോൾ ആളുകൾ മുകളിലേക്ക് കയറാതെ ഷട്ടർ സ്ഥാപിച്ചിട്ടുണ്ട്.