പാലാ : വെറും 150 മീറ്റർ ദൂരത്തിൽ റോഡ് നവീകരിക്കുന്നത് വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മമൂലം പണികൾ തടസ്സപ്പെട്ടിട്ട് മാസങ്ങളായി. ശബരിമല തീർഥാടനത്തിന്റെയും തിരുനാൾ ദിനങ്ങളുടെയും തിരക്കിലേക്ക് നഗരം നീങ്ങുമ്പോഴും പാലാ ജനറലാശുപത്രി റോഡ് നവീകരണത്തിനുള്ള പണികൾ മുടങ്ങിക്കിടക്കുകയാണ്.
പ്രധാന റോഡിൽ ജനറലാശുപത്രി ജങ്ഷനിൽനിന്ന് പുതിയ ഒ.പി. വിഭാഗം വരെ 150 മീറ്റർ നീളത്തിലാണ് നവീകരണം നടക്കുന്നത്. ഇവിടെ റോഡരികിൽ ജനറലാശുപത്രിയുടെ സ്ഥലത്ത് കൈയേറി നിർമിച്ചിരിക്കുന്ന കടകൾ ഒഴിപ്പിച്ചശേഷം പണികൾ തുടർന്നാൽ മതിയെന്ന് പരാതി ഉയർന്നിരുന്നു. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് കളക്ടർ ഉത്തരവും നൽകിയിരുന്നു.
ഇതിനെച്ചൊല്ലി രാഷ്ട്രീയ പാർട്ടികൾ തർക്കമുന്നയിച്ചു. കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. കൈയ്യേറ്റങ്ങൾ നീക്കംചെയ്തശേഷം നിർമാണം തുടരാനാണ് പൊതുമരാമത്തുവകുപ്പ് നിലപാടെടുത്തത്. വാട്ടർ അതോറിറ്റി ഈ ഭാഗത്ത് പുതിയതായി കുഴലുകൾ സ്ഥാപിച്ച് ഓടയുടെ നിർമാണവും ഇതോടൊപ്പം തുടങ്ങുകയും ഏറെക്കുറെ പൂർത്തിയാവുകയുംചെയ്തിരുന്നു. റോഡിന്റെ അലൈൻമെന്റിൽ മാറ്റംവരുത്തുന്നത് സംബന്ധിച്ച് ഇരുവകുപ്പുകളും തമ്മിൽ തർക്കവുമുണ്ട്.
ആശുപത്രി കെട്ടിടത്തിന്റെ മുൻ ഭാഗത്തുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തിയും മറുഭാഗത്ത് കൽക്കെട്ട് തീർത്തുള്ള സംരക്ഷണഭിത്തി നിർമാണവും പൂർത്തിയായി. റോഡിന്റെ ആവശ്യമായ മറ്റു പണികളാണ് വൈകുന്നത്. നിലവിൽ റോഡ് മൺറോഡായി തുടരുകയാണ്. രോഗികളുമായി വാഹനങ്ങൾക്ക് പ്രധാന റോഡിൽനിന്ന് ഒ.പി. വിഭാഗത്തിലേക്ക് എത്തിച്ചേരുന്നത് ഏറെ ദുരിതമാണ്.
റോഡിലൂടെ നടന്നും ഇരുചക്രവാഹനങ്ങളിലും പോകുന്ന സാധാരണ രോഗികൾ എപ്പോഴും ഉയർന്നുപൊങ്ങുന്ന പൊടിപടലത്തിനിടയിലൂടെ വേണം ആശുപത്രിയിലേക്ക് പോകാൻ. ഇനിയും പണി തീർക്കാതെ നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് വകുപ്പ് മേധാവികളുടെ യോഗത്തിൽ നഗരസഭാധ്യക്ഷ കർശന നിർദേശം നൽകി.
അനിശ്ചിതമായി നീളുന്ന റോഡ് നിർമാണം സംബന്ധിച്ചുള്ള പരാതികളെ തുടർന്ന് അധ്യക്ഷ മായാ രാഹുൽ വിളിച്ചു ചേർത്ത യോഗത്തിൽ പൊതുമരാമത്ത് റോഡ് വിഭാഗം, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
റോഡ് ടാറിങ്ങിനായുള്ള സ്ഥലത്ത് ഒരുവിധ തടസ്സങ്ങളും നിലവിലില്ലെന്ന് അധ്യക്ഷ പറഞ്ഞു. പി.ഡബ്ല്യു.ഡി. മുൻകൂട്ടി സമയം നിശ്ചയിച്ചാൽ ഒരു ദിവസം കൊണ്ട് അവശേഷിക്കുന്ന പൈപ്പുകൾ സ്ഥാപിക്കാനും എല്ലാ പണികളും തീർക്കാനും തയ്യാറാണെന്ന് വാട്ടർ അതോറിറ്റി അധികൃതർ വിശദീകരിച്ചു. വൈദ്യുതിത്തൂൺ മാറ്റുന്നതിന് തുക അടച്ചാൽ ഉടൻ വൈദ്യുതി തൂണുകൾ മാറ്റുവാൻ തയ്യാറാണെന്ന് കെ.എസ്.ഇ.ബി. അധികൃതരും അറിയിച്ചു.
Published: 17 Nov 2026, 02:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented