കുഴികൾ നിറഞ്ഞ് റോഡ്
ചെട്ടികുളങ്ങര : രണ്ടുവർഷം മുൻപ് ബി.എം. ബി.സി. നിലവാരത്തിൽ നവീകരണം തുടങ്ങിയ കണ്ടിയൂർ-ഒന്നാംകുറ്റി റോഡിൽ കൊച്ചിക്കൽ മുതൽ തെക്കോട്ടുള്ള ഭാഗത്ത് ടാറിങ് ഇളകി കുഴികൾ വ്യാപകമാകുന്നു. കണ്ടിയൂർ മുതൽ കൊച്ചിക്കൽ വരെയുള്ള ഭാഗത്തിന്റെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു. നവീകരണത്തിന്റെ ഭാഗമായുള്ള മേൽത്തട്ടു ടാറിങ് മുടങ്ങിയതാണ് വെള്ളം കെട്ടിനിന്ന് ടാറിങ് ഇളകി കുഴികൾ രൂപപ്പെടാൻ കാരണം.
ഏറെക്കാലം കുണ്ടും കുഴിയുമായി കിടന്ന റോഡാണ് രണ്ടുവർഷം മുൻപ് മരാമത്തു വകുപ്പ് നവീകരിച്ചത്. കായംകുളം-മാവേലിക്കര നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. പല ഭാഗത്തും ഓട കാടുകയറിക്കിടക്കുന്നതുമൂലം മഴവെള്ളം ഒഴുകിപ്പോകാത്തതും റോഡു തകരാൻ കാരണമാണ്.
2024-ലാണ് കൊച്ചിക്കൽ-ഒന്നാംകുറ്റി റോഡിന്റെ നവീകരണം തുടങ്ങിയത്. മെറ്റലിട്ട് ഉറപ്പിച്ച് ഒന്നാംഘട്ട ടാറിങ്ങും പൂർത്തിയായ ഘട്ടത്തിലാണ് ജലജീവൻ മിഷന്റെ ഭാഗമായി റോഡിൽ വലിയ ഭൂഗർഭക്കുഴലുകൾ സ്ഥാപിക്കാനായി ജല അതോറിറ്റി മരാമത്തു വകുപ്പിന്റെ അനുമതി തേടിയത്.
2024-ൽത്തന്നെ അനുമതി നൽകുകയും റോഡുനവീകരണത്തിന്റെ ഭാഗമായുള്ള മേൽത്തട്ടു ടാറിങ് നിർത്തുകയും ചെയ്തു. എന്നാൽ, ജലജീവൻ മിഷന്റെ പണികൾ പൂർത്തീകരിച്ച് റോഡ് തിരികെ കൈമാറിയത് 2025 അവസാനം മാത്രമാണ്. ഇതിനിടെ ടാറിന്റെയും മറ്റ് അനുബന്ധസാമഗ്രികളുടെയും വില ക്രമാതീതമായി വർധിക്കുകയും കരാറെടുത്തിരുന്നയാൾ പണി ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന്, പുതിയ ടെൻഡർ വിളിക്കുകയും കരാർ ഒപ്പിടുകയും ചെയ്തെങ്കിലും തുക കൂടുതലായതിനാൽ വീണ്ടും സർക്കാർ അനുമതി തേടേണ്ട സ്ഥിതിയായി. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ച് സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണിപ്പോൾ.
ജലജീവൻ മിഷന്റെ ഭാഗമായി പൈപ്പിടാൻ റോഡു കുഴിച്ചപ്പോൾ പല ഭാഗത്തും ടാറിളകിയിട്ടുണ്ട്. റോഡ് പഴയ നിലയിലാക്കാൻ 1.42 കോടി രൂപ ജല അതോറിറ്റി കെട്ടിവെച്ചാണ് പണിക്ക് അനുമതി നേടിയത്. വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ചപ്പാത്ത്, ഓട എന്നിവ ഉൾപ്പെടെ രണ്ടാംഘട്ട പ്രവൃത്തികൾക്കായി 3.5 കോടിയാണ് അടങ്കൽ. റോഡിന്റെ മുകൾത്തട്ട് ടാർചെയ്ത് മിനുസപ്പെടുത്തുന്നതാണ് രണ്ടാംഘട്ടത്തിലെ പ്രധാന പണി.
കായംകുളം-തിരുവല്ല സംസ്ഥാനപാതയ്ക്കു സമാന്തരമായുള്ള പാതയാണ് കണ്ടിയൂർ-ഒന്നാംകുറ്റി റോഡ്. ചെട്ടികുളങ്ങര വഴിയുള്ള സംസ്ഥാനപാത, മേൽപ്പാല നിർമാണത്തിനായി അടച്ചിട്ടിരിക്കുന്നതിനാൽ കൊച്ചിക്കൽ റോഡിന് പ്രാധാന്യം കൂടുതലാണ്. കെ.പി.റോഡു വഴി ഒന്നാംകുറ്റിയിലെത്തി ഈ റോഡു വഴി എളുപ്പത്തിൽ മാവേലിക്കര ഭാഗത്തേക്കു പോകാം. ചെട്ടികുളങ്ങര കുംഭഭരണി, എതിരേൽപ്പുത്സവം തുടങ്ങിയ വേളകളിൽ വാഹനഗതാഗതം ഇതുവഴി തിരിച്ചുവിടാറുണ്ട്. ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും പല പ്രമുഖ ആരാധനാലയങ്ങളിലേക്കുമുള്ള പ്രധാന പാതയാണിത്.
ചാരുംമൂട്, കറ്റാനം ഭാഗങ്ങളിൽനിന്നു വരുന്ന ഭക്തർക്ക് ഈ വഴിയിലൂടെ കൊച്ചാൽത്തറ ജങ്ഷനിലെത്തി ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലേക്ക് പോകാനെളുപ്പമാണ്. രണ്ടാംഘട്ടം ടാറിങ് ഇനിയും വൈകിയാൽ നിലവിലുള്ള ടാറിളകി കൂടുതൽ കുഴികൾ രൂപപ്പെടുകയും ഗതാഗതം ദുഷ്കരമാകുകയും ചെയ്യും.
Published: 17 Nov 2026, 02:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented