ആലപ്പുഴ : സാധാരണക്കാരും ഉദ്യോഗസ്ഥരുമുൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസവും എത്തുന്ന ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് തകരാർ പതിവാകുന്നു. ഏറ്റവും ഒടുവിൽ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോയ്സ് എബ്രഹാമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. അഗ്നിരക്ഷാസേനയെത്തി ലിഫ്റ്റിന്റെ വാതിൽ മുറിച്ചുനീക്കിയാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. തിങ്കളാഴ്ച രാവിലെ 10.15-നായിരുന്നു സംഭവം. നാലാം നിലയിലെ ഫിഷറീസ് ഓഫീസിൽനിന്നു മൂന്നാംനിലയിലെ കാന്റീനിലേക്കു പോകുകയായിരുന്നു. കയറിയതും ലിഫ്റ്റ് പെട്ടെന്നു താഴേക്കുനീങ്ങി മൂന്നിൽ പതിക്കുകയായിരുന്നു. ഇതോടെ വാതിൽ തുറക്കാനാകാത്ത സ്ഥിതിയായി. ലിഫ്റ്റിനുള്ളിലെ ഫാൻ പ്രവർത്തിച്ചിരുന്നതിനാൽ വലിയ ബുദ്ധിമുട്ടുണ്ടായില്ല. പുറത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഏറെ ശ്രമിച്ചിട്ടും വാതിൽ തുറക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടി. 20 മിനിറ്റോളം ലിഫ്റ്റിൽക്കുടുങ്ങി. പത്തരയോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതിൽ പൊളിച്ചാണ് ഡെപ്യൂട്ടി ഡയറക്ടറെ പുറത്തിറക്കിയത്. സ്ഥലത്തെത്തിയ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥർക്കും തകരാറിന്റെ കാരണം കണ്ടെത്താനായില്ല. ഇതോടെയാണ് വാതിൽ മുറിച്ചുനീക്കി രക്ഷാപ്രവർത്തനം നടത്തിയത്.
തകരാർ പതിവ്
: അഞ്ച് നിലകളുള്ള കെട്ടിടത്തിൽ രണ്ട് ലിഫ്റ്റുകളാണുള്ളത്. ഇതിൽ ഒരെണ്ണം കഴിഞ്ഞദിവസങ്ങളിൽ പൂർണമായും പ്രവർത്തനരഹിതമായിരുന്നു. ലിഫ്റ്റുകൾ ഇടയ്ക്കിടെ തകരാറിലാകുന്നതും യാത്രക്കാർ കുടുങ്ങുന്നതും പതിവാണെന്നാണ് ജീവനക്കാരുടെ പരാതി. ലിഫ്റ്റ് തകരാറുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏറ്റവുമധികം പരാതികൾ ലഭിക്കുന്നത് മിനി സിവിൽ സ്റ്റേഷനിൽ നിന്നാണെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പറയുന്നു. ആളുകൾ കുടുങ്ങുമ്പോൾ മാത്രമാണ് പ്രശ്നങ്ങൾ പലപ്പോഴും പുറത്തറിയുന്നത്. കെട്ടിടത്തിലെ ലിഫ്റ്റുകളുടെ സുരക്ഷയും അറ്റകുറ്റപ്പണികളും കൃത്യമായി നടക്കുന്നുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
Published: 17 Nov 2026, 02:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented