വൈക്കം : പമ്പ-തുറവൂർ പാതയുടെ ഭാഗമായ ഉദയനാപുരം മുതൽ നേരേകടവ് വരെയുള്ള റോഡ് റീ-ടാർ ചെയ്യണമെന്ന ആവശ്യം ശക്തമായി. രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡാണ് തകർന്നുകിടക്കുന്നത്. ജനങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതിനുശേഷം വാഹനത്തിരക്കേറിയിട്ടും റോഡ് ടാർ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല. തകർന്നുകിടക്കുന്നതും വീതികുറഞ്ഞതുമായ റോഡിൽ അപകടങ്ങളും പതിവാണ്. മാസങ്ങൾക്കുമുമ്പ് കാലവർഷത്തിൽ ഉദയനാപുരം-നേരേകടവ് റോഡ് തകർന്നപ്പോൾ വലിയ മെറ്റലുകൾ നിരത്തിയതോടുകൂടി യാത്രാക്ലേശം രൂക്ഷമായി. പമ്പ-തുറവൂർ പാതയുടെ ഭാഗമായ നേരേകടവ് മുതൽ ഉദയനാപുരം വരെയുള്ള ഭാഗത്ത് റോഡിന് വീതികൂട്ടുന്നതിനുള്ള നടപടികൾ ഒച്ചിഴയുന്ന വേഗത്തിലാണ് തുടരുന്നത്. നേരേകടവ്-മാക്കേക്കടവ് പാലം പണി പൂർത്തിയാകുന്ന സമയത്ത് നേരേകടവ് മുതൽ ഉദയനാപുരം വരെ റോഡ് നവീകരണവും പൂർത്തിയാകേണ്ടതായിരുന്നു. റോഡിന് സമാന്തരമായി ഒന്നര കിലോമീറ്റർ ദൂരം പാമ്പിഴഞ്ഞാൽതോടും കടന്നുപോകുന്നുണ്ട്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്നതോടെ വേലിയേറ്റത്തിന് ഉപ്പുവെള്ളം കയറി നേരേകടവ് റോഡ് മുങ്ങുന്നതിനാൽ റോഡ് ഉയർത്തി നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. റോഡിനും തോടിനും ഇടയിൽ കരിങ്കൽ ഭിത്തി കെട്ടുന്നതിനുള്ള പദ്ധതി ഉണ്ടെങ്കിലും നടപടികൾ മന്ദഗതിയിലാണ്. ഈ റൂട്ടിൽ വീതികുറഞ്ഞ മൂന്ന് കലുങ്ക് പാലം പുതുക്കിപ്പണിയേണ്ടതായിട്ടുണ്ട്. ഭാരവണ്ടിയുടെ ഗതാഗതംമൂലം വലിയകലുങ്കിൽ ഗർത്തം രൂപപ്പെടുന്നു. എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടായേക്കാം. വൈക്കത്തഷ്ടമിയും, ശബരിമല മണ്ഡലകാലവും പ്രമാണിച്ച് കൂടുതൽ വാഹനങ്ങൾ എത്താൻ സാധ്യതയുണ്ട്. ശബരിമല മണ്ഡലകാലം പ്രമാണിച്ച് നാടൊട്ടുക്ക് റോഡ് നവീകരിക്കുമ്പോഴും നേരേകടവ് റോഡ് റീടാർ ചെയ്യാത്തത് വൻപ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
റോഡ് നന്നാക്കണം
:നേരേകടവ്-ഉദയനാപുരം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നേരേകടവിൽ പ്രവർത്തിക്കുന്ന ഗുരുകൃപ പുരുഷ സ്വയംസഹായസംഘം ആവശ്യപ്പെട്ടു. സജീവ് സി.ആറുണ്ടത്തിൽ അധ്യക്ഷതവഹിച്ചു. യോഗത്തിൽ രതീഷ്, കരിയിൽ സജീഷ്, വെള്ളാതുരുത്ത് ബിജു കരിമലേകാട്, ഷൈൻ ഷൈനിവാസ് എന്നിവർ സംസാരിച്ചു.
Published: 16 Nov 2026, 01:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented