ചേർത്തല : ഒൻപതുകോടി വിനിയോഗിച്ചുള്ള അന്ധകാരനഴി- മൂർത്തിക്കൽ പട്ടണക്കാട് റോഡിന്റെ​ പുനർനിർമാണത്തിലെ അനിശ്ചിതത്വം അകലുന്നില്ല. റോഡിലെ ട്രാൻസ്ഫോർമറുകളും വൈദ്യുതിത്തൂണുകളും മാറ്റുന്നതിൽ പൊതുമരാമത്തുവകുപ്പും കെ.എസ്.ഇ.ബി.യും തമ്മിലുള്ള തർക്കം പരിഹരിക്കാനായിട്ടില്ല. എം.എൽ.എ.യുടെ സാന്നിധ്യത്തിലടക്കം ചർച്ചകൾ നടന്നിട്ടും ജില്ല വികസനസമിതിയിലടക്കം ചർച്ചയായിട്ടും പൊതുമരാമത്തുവകുപ്പ് ഇടഞ്ഞുതന്നെ മുന്നോട്ടുപോകുന്നതാണ് പ്രതിസന്ധിക്കു കാരണം.

To advertise here,

തൂണുകൾ മാറ്റുന്നതിനു 16 ലക്ഷമാണ് ആദ്യം കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടതെങ്കിലും ചർച്ചകളിൽ ഇത് 10 ലക്ഷമാക്കി കുറയ്ക്കാൻ ധാരണയാക്കിയിരുന്നു. എന്നാൽ, രണ്ടുലക്ഷം മാത്രമേ പദ്ധതിയിൽ ഇത്തരം പ്രവർത്തനങ്ങൾക്കു മാറ്റാനാകുയുള്ളൂവെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പധികൃതർ.

കൂടുതൽ തുക വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും ഇവർ വാദിക്കുന്നു. കുറച്ചു തുകയെങ്കിലും അടച്ചു നടപടികളിലേക്കു കടന്നാൽ ട്രാൻസ്ഫോർമറുകളും വൈദ്യുതിത്തൂണും ഉടൻ മാറ്റി ജോലി പൂർത്തിയാക്കാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്.ട്രാൻസ്ഫോർമർ മാറ്റത്തിനു സ്ഥലം തടസ്സമായപ്പോൾ ജനപ്രതിനിധികളായ സി.ബി. മോഹൻദാസും കെ.ജി. ഹെൻട്രിയും ഇടപ്പെട്ട് പരിഹരിച്ചിരുന്നു.

റോഡിൽ യാത്രാപ്രതിസന്ധി

: മെറ്റൽ വിരിച്ച് ടാറിങ്ങിനായി ഒരുക്കങ്ങൾ പൂർത്തിയായ ഘട്ടത്തിലാണ് പ്രതിസന്ധി. നിലവിൽ മെറ്റലിളകി പൊടിനിറഞ്ഞ റോഡിലെ യാത്ര കഠിനമാണ്. പൊടിമൂലം സമീപവീടുകളിൽ താമസിക്കാൻ കഴിയാത്ത സ്ഥിതിയാണ്. തടസ്സങ്ങൾ അകറ്റിയാൽ ഉടൻ ടാറിങ് ചെയ്യാൻ തയ്യാറെന്ന നിലപാടിലാണ് കരാറുകാരനും. പട്ടണക്കാടു മുതൽ വെട്ടയ്ക്കൽ വരെയുള്ള ടാറിങ്ങാണ് അവശേഷിക്കുന്നത്.