വെള്ളൂർ : നാലുവർഷമായി തകർന്നുകിടക്കുന്ന മുളക്കുളം-ചന്തപ്പാലം-വടയാർ–മുട്ടുചിറ റോഡിലെ ദുരിതയാത്രയ്ക്ക് ഇനിയും അവസാനമില്ല. ഒട്ടേറെ ജനകീയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച 23 കിലോമീറ്റർ റോഡ് ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാക്കി വീണ്ടും

To advertise here,

വിവാദങ്ങളിൽ. റോഡിന്റെ ശോച്യാവസ്ഥ വൈക്കം മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണങ്ങളിലൊന്നായിരുന്നുവെന്ന വിലയിരുത്തലുകൾക്കിടയിലാണ് പുതിയ എം.എൽ.എ.യുടെ ഇടപെടലിൽ പ്രതീക്ഷകൾ ഉയർന്നത്.

കഴിഞ്ഞ ജൂണിൽ തലയോലപ്പറമ്പ്, വെള്ളൂർ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ജില്ലാ-ബ്ലോക്ക് ഡിവിഷൻ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച യോഗം എം.എൽ.എ.യുടെ നേതൃത്വത്തിൽ ചേർന്നിരുന്നു.

റോഡിന്റെ ഡി.പി.ആറിലെ അപാകം പരിഹരിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ ഓടകളും കലുങ്കുകളും നിർമിക്കുക, റോഡിലുള്ള വൈദ്യുതത്തൂണുകളും ജലവിതരണപൈപ്പുകളും മാറ്റിസ്ഥാപിക്കുക, മഴ മാറുന്നതോടെ നിർമാണം വേഗത്തിലാക്കി പൂർത്തിയാക്കുക തുടങ്ങിയ തീരുമാനങ്ങളാണ് യോഗത്തിൽ കൈക്കൊണ്ടത്.

റോഡിലെ കുഴികൾ താത്‌കാലികമായി നികത്തി ഗതാഗതയോഗ്യമാക്കിയതോടെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന പ്രതീക്ഷയും ജനങ്ങളിലുണ്ടായി.എന്നാൽ, മൂന്ന് മാസം പിന്നിടുമ്പോൾ റോഡിന്റെ അവസ്ഥ പഴയതിലും ദുരിതമായെന്നാണ് നാട്ടുകാരുടെ പരാതി.

രണ്ടുവരിപ്പാതയിൽ കോൺക്രീറ്റിങ് പൂർത്തിയാകാത്ത ടാറിങ്‌ ഭാഗങ്ങളിൽ നേരത്തേ ചെറിയ ചരിവുകൾ ഒരുക്കിയിരുന്നതിനാൽ വാഹനങ്ങൾക്ക് തടസ്സമില്ലാതെ പോകാൻ കഴിഞ്ഞിരുന്നു. എന്നാൽ, ഈ താ‌ത്കാലിക ചരിവുകൾ മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് നീക്കംചെയ്ത് കുഴികളാക്കിയതോടെ ഗതാഗതം കൂടുതൽ ദുരിതമായി.

തലയോലപ്പറമ്പ് മുതൽ മുളക്കുളം വരെയുള്ള വിവിധ ഭാഗങ്ങളിൽ റിബൺ കെട്ടി ഗതാഗതം നിയന്ത്രിച്ചിട്ട് ഒരുമാസം പിന്നിട്ടതായും നാട്ടുകാർ പറയുന്നു.

ഒരു ഭാഗത്തുകൂടിമാത്രം ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ പോകേണ്ടിവരുന്നത്‌ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.വെട്ടിക്കാട്ടുമുക്ക്-വെള്ളൂർ മേഖലയിലാണ് യാത്രാക്ലേശം ഏറ്റവും രൂക്ഷം.

റോഡ് നിർമാണത്തിനായി കോൺക്രീറ്റ് പ്ലാന്റ് (റെഡിമിക്സ്) സ്ഥാപിച്ചിട്ട് മൂന്നു മാസം പിന്നിട്ടിട്ടും പ്രവർത്തനം തുടങ്ങിയിട്ടില്ല. നിലവിലുണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ചതോടെ ഗതാഗത തടസ്സവും പൊടിശല്യവും മഴക്കാലത്ത് ചെളിവെള്ളം കെട്ടിനിൽക്കുന്നതും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 112 കോടി രൂപ വകയിരുത്തിയ പദ്ധതിയാണ്. 23 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന്റെ നിർമാണച്ചുമതല കെ.എസ്.ടി.പി.ക്കാണ്.