പത്തനാപുരം : നവീകരിച്ച പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിലെ അപകടക്കെണികൾ ഒഴിവാക്കാൻ നടപടിയില്ല. ശബരിമല മണ്ഡല തീർത്ഥാടന കാലത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ, തിരക്കേറിയ പാതയിൽ ഗതാഗതം സുഗമമാക്കാൻ ഒരുനടപടിയും പൊതുമരാമത്ത്-കെ.എസ്.ടി.പി. അധികൃതർ സ്വീകരിച്ചിട്ടില്ല.
പാതയിലെ മുക്കടവുമുതൽ കല്ലുംകടവുവരെയുള്ള ഭാഗങ്ങളിൽ അപകടമൊഴിയാത്ത ദിവസമില്ല. അപകടമരണങ്ങളും ഒട്ടേറെപ്പേർ പരിക്കേറ്റു ചികിത്സയിലായതും തുടർക്കഥയാണ്. പാതയിലെ സ്ഥിരം അപകടസ്ഥലങ്ങളിലെ അപാകം പരിഹരിക്കാനും നടപടി വൈകുന്നു.
ചെമ്മാൻപാലം, നടുക്കുന്ന്, പള്ളിമുക്ക്, നാരങ്ങാപ്പുറം, കടയ്ക്കാമൺ, അലിമുക്ക്, മുക്കടവ് ഭാഗങ്ങളിൽ അപകടം ഒഴിവാക്കാൻ സുരക്ഷാ സൂചകങ്ങളോ സ്പീഡ് ബ്രേക്കറുകളോ സ്ഥാപിച്ചിട്ടില്ല. സ്ഥിരം അപകടമേഖലയായ കടയ്ക്കാമൺ പാലത്തിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളോ സിഗ്നൽസംവിധാനങ്ങളോ ഇല്ലാത്തത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്. പാലത്തിനു സമീപം റോഡിന്റെ ഇരുവശങ്ങളിലും, പാലമുണ്ടെന്നു വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ, വേഗനിയന്ത്രണ സൂചകങ്ങൾ, രാത്രികാലങ്ങളിൽ വാഹനങ്ങൾക്ക് ദിശയറിയാനുള്ള റിഫ്ളക്ടറുകൾ എന്നിവയൊന്നും സ്ഥാപിച്ചിട്ടില്ല. വീതിയും നിരപ്പുമുള്ള റോഡിലൂടെ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് പാലമെത്തുന്നത് തിരിച്ചറിയാൻ സാധിക്കാറില്ല. പാലത്തിന്റെ കൈവരികളിൽ കറുപ്പും വെളുപ്പും വരകൾ വരച്ചിട്ടുണ്ടെങ്കിലും, ദൂരെനിന്നു വരുന്ന വാഹനങ്ങൾക്ക് പാലത്തിന്റെ സാന്നിധ്യം മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുന്ന സൂചനാ ബോർഡുകൾ ഇല്ലാത്തത് പോരായ്മയാണ്.മണ്ഡലകാലം ആരംഭിക്കുന്നതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നടക്കം നൂറുകണക്കിന് അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുക. പ്രദേശത്തെ റോഡിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഇതരസംസ്ഥാന ഡ്രൈവർമാർക്ക് മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം വലിയ ആശയക്കുഴപ്പവും അപകടങ്ങളും സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിലും പുലർച്ചെയും കനത്ത മൂടൽമഞ്ഞുള്ള സമയങ്ങളിലും പാലത്തിന്റെ കൈവരികളിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറാനുള്ള സാധ്യതയേറെയാണ്.
നടുക്കുന്ന് ഹൈസ്കൂളിനു സമീപവും അലിമുക്കിലുമുള്ള കൊടുംവളവ്, ചെമ്മാൻപാലത്തിലെ അന്തസ്സംസ്ഥാന ചരക്കുലോറികളുടെ അനധികൃത പാർക്കിങ്, നാരങ്ങാപ്പുറത്തെ പാതയുടെ ശോച്യാവസ്ഥ എന്നിവയൊന്നും പരിഹരിച്ചിട്ടില്ല. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള നടപടികൾ, കൃത്യമായ റോഡ് പരിശോധനകൾ എന്നിവയും നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Published: 15 Nov 2026, 01:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented