എരുമേലി : എരുമേലി ടൗണിൽ നിന്നും 5.5 കിലോമീറ്ററോളം ദൂരമുണ്ട് വനപാത തുടങ്ങുന്ന കോയിക്കക്കാവിലേക്ക്‌. എരുമേലിയിൽനിന്നും പേരൂർത്തോട് വരെ സംസ്ഥാനപാതയുടെ ഭാഗം. പേരൂർത്തോട്-ഇരുമ്പൂന്നിക്കര, ഇരുമ്പൂന്നിക്കര-കോയിക്കക്കാവ് എന്നിവ ജില്ലാ ഗ്രാമീണ റോഡുകൾ. ടാറിട്ട റോഡിലൂടെ നടന്ന്‌ എത്തുന്ന ഭക്തർ കോയിക്കക്കാവ് ഫോറസ്റ്റ് സ്‌റ്റേഷനിൽ എത്തുമ്പോഴാണ് ശരിയ്ക്കും കാനനപാത. മണ്ഡലകാലത്തിലുപരി മകരവിളക്ക് സമയത്താണ് പാതയിലൂടെ നിയന്ത്രിക്കാനാവാത്ത തരത്തിൽ ഭക്തരുടെ ഒഴുക്ക്. രാത്രിയാത്രയ്ക്ക് നിരോധനവും പകൽ സമയനിയന്ത്രണവും ഭക്തരെ വലയ്ക്കുന്ന കാഴ്ചകളാണ് പാതയിൽ. ശബരീശനെ ഒരു നോക്കുകാണാനായി വ്രതമെടുത്ത് നടന്നുപോകുന്ന ഭക്തർ റോഡിൽ ഇരുന്ന് പ്രതിഷേധിക്കേണ്ട സാഹചര്യമുണ്ടായി. കഴിഞ്ഞതീർഥാടന കാലത്ത് എരുമേലി, പേരൂർതോട്, കോയിക്കക്കാവ്, കാളകെട്ടി, അഴുത എന്നിവിവിടങ്ങളിൽ ഭക്തരെ പോലീസ് വടംകെട്ടി തടഞ്ഞിരുന്നു. കോയിക്കക്കാവിൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ ഭക്തർക്ക് വിശ്രമിക്കാനും പ്രാഥമിക കൃത്യനിർവഹണത്തിനും പരിമിതമായ സൗകര്യങ്ങളേയുള്ളു. കൂടുതൽ സൗകര്യമൊരുക്കണം. സമയനിയന്ത്രണം നോക്കി ഭക്തരെ കടത്തിവിടാനാവാതെ വരുമ്പോൾ കോയിക്കക്കാവിലും അഴുതക്കടവിലും മുക്കുഴിയിലും തിരക്കേറും.

To advertise here,

മൂന്നിടത്തും അടിസ്ഥാനസൗകര്യങ്ങൾ കൂടുതലായി വേണം. വനമേഖലയുടെ ഭാഗമായതിനാൽ വനം വകുപ്പാണ്‌ നടപടിയെടുക്കേണ്ടത്‌.

എരുമേലി വനമേഖലയുടെ പരിധിയിൽ ഭക്തർക്ക് വിരിവെച്ച് വിശ്രമിക്കാനും താത്കാലിക ശൗചാലയ സൗകര്യങ്ങളും ഒരുക്കാൻ പഞ്ചായത്തിനോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ എരുമേലി റേഞ്ച് ഓഫീസർ കെ.വി. രതീഷ് പറഞ്ഞു. പേരൂർതോട്ടിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുട്ടിവനത്തിൽ വിശ്രമകേന്ദ്രം ഭക്തരായി സജ്ജമാക്കും.

ഇരുമ്പൂന്നിക്കര ശിവക്ഷേത്രം, സുബ്രഹ്‌മണ്യക്ഷേത്രം, ബാല ഭദ്രാക്ഷേത്രം എന്നിവിടങ്ങളിലും ഭക്തർക്ക്‌ വിരി വെയ്‌ക്കാൻ സൗകര്യമുണ്ട്‌.