​വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് വ്യാഴാഴ്ച നടക്കും. പ്രഭാത പൂജകഴിഞ്ഞ് അവകാശിയായ കിഴക്കിനേടത്ത് മൂസത് വൈക്കത്തപ്പന്റെ അനുജ്ഞ വാങ്ങിയശേഷം ഓലക്കുടചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്ത്‌ എഴുന്നള്ളി കൊടിയേറ്റ് അറിയിക്കും. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർകുളങ്ങര ദേവീക്ഷേത്രത്തിലും തെക്കേനട ഇണ്ടംതുരുത്തിമനയിലും ഉദയനാപുരം ക്ഷേത്രത്തിലുമാണ് കൊടിയേറ്ററിയിക്കുന്നത്.

To advertise here,

വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് വൈക്കത്തും അറിയിക്കണമെന്നും ആചാരം. അതത് അവസരങ്ങളിലെ ഊരാഴ്മക്കാർ ഉത്സവവിവരം ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്മക്കാരെ അറിയിക്കുകയെന്ന ആചാര പ്രകാരമാണ് കൊടിയേറ്ററിയിപ്പ് നടന്നുവരുന്നത്.

20-ന് രാവിലെ 6.30-നും 8.15-നും ഇടയിലാണ് കൊടിയേറ്റ്. ഡിസംബർ ഒന്നിനാണ് വൈക്കത്തഷ്ടമി. രണ്ടിന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.