ചടയമംഗലം : ജടായുപ്പാറ ടൂറിസം ബൃഹത് തീർഥാടനപദ്ധതിയായി ഉയർത്തുന്നതിന് ശ്രമിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വികസനം ഉറപ്പാക്കും. പതിനാറുവർഷംമുൻപ് സംസ്ഥാന ടൂറിസം മന്ത്രിയായിരിക്കെ പദ്ധതിക്ക് തറക്കല്ലിടാൻ ഭാഗ്യം ലഭിച്ചത് ജീവിതത്തിലെ അപൂർവമായ അനുഭവമാണ്. പദ്ധതി ലോക ടൂറിസം നിലവാരത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ എർത്ത് സെന്ററിലെത്തിയ അദ്ദേഹം ജടായുപ്പാറ ടൂറിസം പദ്ധതിയുടെ ശിൽപ്പികളായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുൻ എം.എൽ.എ. പ്രയാർ ഗോപാലകൃഷ്ണന്റെയും ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. സംവിധായകനും എം.ഡി.യുമായ രാജീവ് അഞ്ചൽ, സി.ഇ.ഒ. ദീപക് എന്നിവർ ചേർന്ന് എം.പി.യെ സ്വീകരിച്ചു.

ജടായുപ്പാറ ടൂറിസം പാക്കേജുകളും സർക്യൂട്ടുകളും സംഘടിപ്പിക്കുന്നതിന് ഭരണകൂടസഹായം ലഭ്യമാക്കുന്നതിനു ശ്രമിക്കുമെന്ന് എം.എം. നസീർ എം.എൽ.എ. പറഞ്ഞു.ഡി.സി.സി. ജനറൽ സെക്രട്ടറി വി.ഒ. സാജൻ, ബ്ലോക്ക് പ്രസിഡന്റുമാരായ എ. ശ്രീകുമാർ, വി. ബിനു, ജില്ലാപഞ്ചായത്ത് അംഗം പി.ആർ. സന്തോഷ്. ആർ.എസ്.പി. നേതാവ് എ. മുസ്തഫ, ഡി. ചന്ദ്രബോസ്, നിലമേൽ പഞ്ചായത്ത് പ്രസിഡന്റ് എ.എം. റാഫി, കെ. രാധാകൃഷ്ണപിള്ള, ജുമൈലത്ത് ബീവി തുടങ്ങിയവർ പങ്കെടുത്തു.