കാഞ്ഞിരപ്പള്ളി : ശബരിമല തീർഥാടകവാഹനങ്ങൾ എത്തിത്തുടങ്ങിയതോടെ ദേശീയപാത 183-ൽ കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവല ഗതാഗതക്കുരുക്കിലായി. കുരിശുങ്കൽ കവലയിൽ തമ്പലക്കാട് റോഡിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനും ദേശീയപാതയിലേക്ക് പ്രവേശിക്കുന്നയിടത്തുമാണ് വാഹനങ്ങൾ കടന്നുപോകാതെ കുരുങ്ങിക്കിടക്കുന്നത്.

To advertise here,

കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. തമ്പലക്കാട് റോഡിലും വാഹനങ്ങൾ നിരയായി ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം ശബരിമല തീർഥാടകരുടെ വാഹനങ്ങൾ എത്തിത്തുടങ്ങിയതോടെ പാതകളിൽ തിരക്ക് വർധിച്ചു. നിലവിൽ ഈ ഭാഗത്ത് വാഹന നിയന്ത്രണത്തിനായി പോലീസോ ഹോം ഗാർഡോ ഇല്ല. ഡ്രൈവർമാർ മറ്റ് വാഹനങ്ങളെ ശ്രദ്ധിക്കാതെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്നത് കുരുക്കു കൂട്ടാൻ കാരണമാകുന്നു.

പൊൻകുന്നം കെ.വി.എം.എസ്. റോഡിലൂടെ തീർഥാടക വാഹനങ്ങൾ തിരിച്ചുവിട്ടാൽ പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും. കവലയിൽ പോലീസിന്റെ സേവനവും ലഭ്യമാക്കണമെന്നാണ് ആവശ്യമുയരുന്നത്.

ബൈപ്പാസ് റോഡുകൾ ഉപയോഗിക്കാം കുരുക്ക് ഒഴിവാക്കാം

ആനക്കല്ല്, തമ്പലക്കാട് എന്നീ ഭാഗങ്ങളിൽ നിന്നെത്തുന്ന പൊൻകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ സുഖോദയ റോഡ്, ഐ.സി.ഐ.സി. ബാങ്കുപടി റോഡ് എന്നീ പാതകളിലൂടെ ദേശീയപാതയിൽ കുന്നുംഭാഗത്ത് പ്രവേശിച്ച് യാത്രചെയ്യാം.

ഈരാറ്റുപേട്ട റോഡിൽ ആനക്കല്ല് പൊന്മല റോഡിലൂടെയും ആനക്കല്ല്-നരിവേലി റോഡിലൂടെയും ദേശീയപാതയിൽ പൊടിമറ്റത്ത് പ്രവേശിച്ച് മുണ്ടക്കയം ഭാഗത്തേക്കും ശബരിമല തീർഥാടകർക്ക് 26-ാംമൈലിലെത്തി എരുമേലിക്കും യാത്രചെയ്യാം.

ചെറുവാഹനങ്ങൾ കുന്നുംഭാഗത്തുനിന്ന് ടി.ബി. റോഡിലൂടെ മണ്ണാറക്കയത്തെത്തി പട്ടിമറ്റം റോഡിലൂടെയും ബ്ലോക്കുപടി മലബാറുകവല റോഡിലൂടെയും എരുമേലി റോഡിൽ പ്രവേശിക്കാം.