കോട്ടയം : മുഖ്യമന്ത്രി വി.ഡി. സതീശൻ കോട്ടയം പബ്ലിക് ലൈബ്രറിയിലെത്തിയപ്പോൾ, അത് 40 വർഷം മുമ്പുള്ള കോളേജ് പഠനകാലത്തെ സൗഹൃദക്കൂട്ടായ്മയുടെ ഓർമ്മപുതുക്കലായി. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റായിരുന്ന അന്തരിച്ച ഏബ്രഹാം ഇട്ടിച്ചെറിയയുടെ പേരിൽ നിർമിച്ച പുതിയ ഹാളിന്റെ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ചൊവ്വാഴ്ച കോട്ടയം പബ്ലിക് ലൈബ്രറിയിലെത്തിയത്. വേദിയിലും സദസ്സിലുംകണ്ട പഴയകാല മുഖങ്ങളെ മുഖ്യമന്ത്രി ഓർത്തെടുത്തു. കോട്ടയത്ത് വരുന്നതിനുമുമ്പേ ലൈബ്രറിയെക്കുറിച്ച് ധാരാളം കേട്ടിരുന്നു. പിന്നീട് 40 വർഷം മുമ്പ് എം.ജി. സർവകലാശാലാ യൂണിയൻ ചെയർമാനായി കോട്ടയത്തെത്തുമ്പോഴാണ് ആദ്യമായി കോട്ടയം പബ്ലിക് ലൈബ്രറിയിലെത്തുന്നത്. വർഷങ്ങൾക്കുശേഷം ഇപ്പോൾ ഉദ്ഘാടനത്തിനും.

To advertise here,

അന്ന് പ്രസിഡന്റായിരുന്ന ഏബ്രഹാം ഇട്ടിച്ചെറിയയെ അദ്ദേഹത്തിന്റെ കോട്ടയം നഗരത്തിലെ കടയിലെത്തി കണ്ടകാര്യവും മുഖ്യമന്ത്രി വി.ഡി. സതീശൻ ഓർത്തു. സദസ്സിലിരുന്ന ഇട്ടിച്ചെറിയയുടെ കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി ഇത് ഓർമ്മിപ്പിച്ചു. ലൈബ്രറിയെന്നത് അജ്ഞതയെ മാറ്റി ജ്ഞാനത്തെ പ്രകാശിപ്പിക്കുകയെന്നതാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പണ്ട് ലൈബ്രറികളിൽ നാട്ടിൻപുറത്തെ എല്ലാ കാര്യങ്ങളും ചർച്ചചെയ്തിരുന്നു. വായിച്ചുതീർക്കാനുള്ള മത്സരമായിരുന്നു അവിടെ. കേരളത്തിൽ സാംസ്കാരിക അടിത്തറയുണ്ടാക്കിയത് ലൈബ്രറികളാണ്. പണ്ടുകാലത്തെ മുത്തശ്ശിമാരുടെ കഥകളാണ് കുട്ടികളെ പിന്നീട് വായനയ്ക്ക് പ്രേരിപ്പിച്ചിരുന്നത്. അന്നത്തെപ്പോലെ കുട്ടികളെ ലൈബ്രറികളിലേക്ക്‌ തിരിച്ചുകൊണ്ടുവരണം. അതിന് മുതിർന്നവരാണ് ശ്രമിക്കേണ്ടത്. കൂടിയാലോചനകൾ നടത്തി ലൈബ്രറി പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ച് കുട്ടികളെ വാനയിലേക്ക്‌ ആകർഷിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്നും സദസ്സിന് ഉറപ്പുനൽകിയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

പ്രസിഡന്റ് അഡ്വ. വി.ബി. ബിനു അധ്യക്ഷനായി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, നഗരസഭാ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, അഡ്വ. കെ. സുരേഷ് കുറുപ്പ്, ഫാ. എം.പി. ജോർജ്, കെ.സി. വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.