പൊൻകുന്നം : നേരത്തേതന്നെ ഗതാഗതക്കുരുക്ക് അനുഭവിച്ചിരുന്ന പൊൻകുന്നം പട്ടണത്തിലെ കുരുക്ക് ഇപ്പോൾ ഒരു കിലോമീറ്ററിലേറെ നീളുന്നു ചില സമയങ്ങളിൽ. അയ്യപ്പന്മാരുടെ വാഹനങ്ങളുടെ തിരക്കുകൂടി ആയതോടെ അഴിയാക്കുരുക്കാണ് പൊൻകുന്നത്ത് പകൽസമയത്ത്.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയായ പാലാ- പൊൻകുന്നം റോഡിലൂടെ വടക്കൻജില്ലകളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് പൊൻകുന്നത്ത് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. പൊൻകുന്നത്ത് ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന ട്രാഫിക് സിഗ്നൽ കവലയിൽ പറയത്തക്ക പ്രശ്നമില്ലെങ്കിലും തൊട്ടടുത്ത് മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് പുനലൂർ- ഹൈവേയിലേക്ക് വാഹനങ്ങൾ തിരിഞ്ഞിറങ്ങുമ്പോൾ മുതൽ കുരുക്കേറും.
ദേശീയപാതയിൽനിന്ന് പുനലൂർ റോഡിലേക്കും അവിടെനിന്ന് ദേശീയപാതയിലേക്കും വാഹനങ്ങൾ തിരിയുമ്പോൾ പിന്നാലെയെത്തുന്ന വാഹനങ്ങളത്രയും നിരനിരയായി കിടക്കേണ്ടിവരും. ഇതിനിടെ തൊട്ടുചേർന്നുള്ള പൊൻകുന്നം ബസ്സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകൾ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിക്കുമ്പോൾ അഴിയാക്കുരുക്കാകും. പോലീസ് കിണഞ്ഞ് ശ്രമിച്ചാലും പലപ്പോഴും ബസുകളുടെ കടന്നുപോക്ക് പ്രയാസമാകും.
എരുമേലിക്ക് പോകേണ്ട തീർഥാടകവാഹനങ്ങൾ പൊൻകുന്നം പട്ടണത്തിന് തൊട്ടടുത്ത കെ.വി.എം.എസ്. കവലയിൽനിന്ന് തിരിഞ്ഞുപോകണം. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വീതികുറഞ്ഞ കെ.വി.എം.എസ്.-വിഴിക്കിത്തോട്-എരുമേലി റോഡിലേക്ക് തിരിയുമ്പോഴും ദേശീയപാതയിൽ ഗതാഗതക്കുരുക്കാകും. ഇവിടെയും ട്രാഫിക് പോലീസിന്റെ സേവനമുണ്ടെങ്കിലും കുരുക്കൊഴിവാക്കാൻ പലപ്പോഴും സാധിക്കില്ല.
കെ.വി.എം.എസ്. കവലയിൽ തിരക്കേറുമ്പോൾ കാഞ്ഞിരപ്പള്ളിയിൽനിന്ന് വരുന്ന വാഹനങ്ങൾ കോടതിപ്പടി മുതൽ ഒരു കിലോമീറ്ററിലേറെ ദൂരം നിരയായി കിടക്കുകയാണ് പകൽസമയത്ത്. ശാന്തി ആശുപത്രിപ്പടി മുതൽ കെ.വി.എം.എസ്. കവല വരെ ചിലസമയത്ത് 20 മിനിറ്റിലേറെ വേണം കടന്നുപോകാൻ. കെ.വി.എം.എസ്. കവല പിന്നിട്ട് ദേശീയപാതയിൽ മുന്നോട്ടുവരുമ്പോൾ ബസ് സ്റ്റാൻഡ് ഭാഗത്തെ കുരുക്കിലുംപെടും.
ചെറുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ, പൊൻകുന്നം പട്ടണത്തിൽ എത്തേണ്ടതില്ലെങ്കിൽ അവയെ സമീപ റോഡുകളിലൂടെ വഴിതിരിച്ചുവിടാൻ ക്രമീകരണം വേണം. ഇല്ലെങ്കിൽ ശബരിമല തീർഥാടന കാലയളവിൽ പൊൻകുന്നത്ത് കുരുക്കൊഴിയില്ല.
Published: 24 Nov 2026, 03:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented