കങ്ങഴ : കാർഷിക മേഖലയ്ക്ക് കരുത്തുപകരാൻ കങ്ങഴ പഞ്ചായത്ത് നബാർഡിന്റെ സഹായത്തോടെ 2.24 കോടി രൂപ മുടക്കി പണിത കാർഷിക വിപണകേന്ദ്രം ലക്ഷ്യം കണ്ടില്ല. മൂന്ന് നിലകളിലായി 1020 സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ഇടയിരിക്കപ്പുഴയിൽ നിർമിച്ച കെട്ടിടം 2020-ലാണ് ഉദ്ഘാടനം ചെയ്തത്. 2.12 കോടി രൂപ നബാർഡിന്റെയും 12 ലക്ഷം രൂപ തനത് ഫണ്ടുമായിരുന്നു.
കാർഷിക വിപണകേന്ദ്രങ്ങൾ, സ്റ്റാളുകൾ, കൃഷി അനുബന്ധ ഓഫീസുകൾ, നാട്ടുചന്ത തുടങ്ങി കർഷകർക്ക് ഗുണംചെയ്യുന്ന വിധത്തിലാണ് പല പദ്ധതികളും ആസൂത്രണം ചെയ്തത്. ഉദ്ഘാടനത്തിനുശേഷം വർഷങ്ങളോളം കെട്ടിടം അടഞ്ഞുകിടന്നു. അടുത്ത കാലത്തായി കൃഷി അസി.ഡയറക്ടറുടെ ഓഫീസും മൃഗാശുപത്രിയുടെ സബ്സെന്ററും മാത്രം ഇവിടെ പ്രവർത്തനമാരംഭിച്ചു. 13 കടമുറികൾ ഇതുവരെ വാടകയ്ക്ക് നൽകാൻ കഴിഞ്ഞിട്ടില്ല. രണ്ട്, മൂന്ന് നിലകളിലായി വലിയ രണ്ട് ഹാളുകളും ഒഴിഞ്ഞ് കിടക്കുകയാണ്. രണ്ട് കടമുറികൾ വാടകയ്ക്ക് നൽകാൻ തീരുമാനിച്ചെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കോടികൾ മുടക്കി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടത്തെ ഒരു വരുമാന സ്രോതസ്സാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
പ്രശ്നങ്ങൾ പലതാണ്
:കെട്ടിടം കാർഷിക അനുബന്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനാൽ മറ്റ് ആവശ്യങ്ങൾക്കായി വിട്ടു നൽകാനായില്ല.
പിന്നീട് പഞ്ചായത്തിന്റെ ഇടപെടലിനെ തുടർന്ന് ഇതിൽ മാറ്റംവരുത്തി. 6,500 രൂപയാണ് കടമുറികൾക്ക് നിശ്ചയിച്ച വാടക. ഈ തുകയ്ക്ക് കടകളെടുക്കാൻ ആരും തയ്യാറായില്ല. കെട്ടിടത്തിലേക്കാവശ്യമായ വെള്ളം ഇല്ലാത്തതും തിരിച്ചടിയായി. ജലവകുപ്പിന്റെ കണക്ഷൻ ഇവിടെയില്ല.
സമീപത്തെ ജലനിധിയിൽനിന്ന് ഇവിടേക്ക് വെള്ളമെത്തിക്കാനാണ് ഇപ്പോൾ ആലോചന. നിലവിൽ രണ്ട് ഫെയ്സുള്ള വൈദ്യുതി കണക്ഷനാണ് ഉള്ളത്. ഇത് മൂന്ന് ഫെയ്സാക്കി മാറ്റണം.
Published: 24 Nov 2026, 03:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented