സാംസ്കാരിക സമ്മേളനം ഇന്ന്
ചങ്ങനാശ്ശേരി : ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർഥനകൾ നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ പാറേൽ മർത്ത്മറിയം ബസിലിക്കയിലെ അമലോല്‍ഭവമാതാ പള്ളി ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ കൂദാശ ചെയ്തു.
ചങ്ങനാശ്ശേരി അതിരൂപത വൈദികർ പങ്കെടുത്ത പ്രദക്ഷിണത്തോടെയാണ് കൂദാശ ആരംഭിച്ചത്. ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രധാനകവാടത്തിലെ നാട മുറിച്ച് മെത്രാന്മാർക്കും വൈദികർക്കും വിശ്വാസികൾക്കും ഒപ്പം പള്ളിയിൽ പ്രവേശിച്ചു. ആർച്ച്ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം,കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ, തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, ഷംഷാദബാദ് രൂപത സഹായമെത്രാൻ മാർ തോമസ് പാടിയത്ത് എന്നിവർ കർമങ്ങളിൽ പങ്കുചേർന്നു. മാർ ജോസ് പുളിക്കൽ സുവിശേഷ സന്ദേശം നൽകി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുത്തു.
ബസിലിക്കയിൽ ഇന്ന് മുഖ്യമന്ത്രിയെത്തും
ചങ്ങനാശ്ശേരി : പാറേൽ മരിയൻ തീർഥാടനകേന്ദ്രം കൂദാശ സാംസ്കാരിക സമ്മേളനം
ചൊവ്വാഴ്ച നടക്കും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയാകും.
ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ അധ്യക്ഷതവഹിക്കും. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഋതംഭരാനന്ദ, മുസ്ലിം ലീഗ് പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 25-ന് വൈകീട്ട് 4.30-ന് കുർബാന ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. ആറിന് നിത്യാരാധന കപ്പേളയുടെയും കുമ്പസാരവേദിയുടെയും വെഞ്ചരിപ്പുകർമം മുൻ വത്തിക്കാൻ നുൺഷ്യോ ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി നിർവഹിക്കും. ഡിസംബർ എട്ടിന് അമലോദ്ഭവ തിരുനാൾ. വൈകുന്നേരം 4.30-ന് നടക്കുന്ന കുർബാനയിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനാകും.
പോസ്റ്റൽ കവർ പ്രകാശനംചെയ്തു
ചങ്ങനാശ്ശേരി : പാറേൽ മർത്ത്മറിയം പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതിന്റെ സ്മരണാർഥം തപാൽവകുപ്പ് പുറത്തിറക്കിയ പ്രത്യേക കവർ ബസിലിക്ക അങ്കണത്തിൽ പ്രകാശനം ചെയ്തു.
കവറിനുള്ളിൽ പള്ളി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ശേഖരിച്ച കല്ലുകൾപൊട്ടിച്ച പൊടിയും പാറേൽ മാതാവിന്റെ സ്റ്റാമ്പും ഉണ്ടാകും. കൊച്ചി സെൻട്രൽ റീജൻ പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാദേവി പ്രകാശനം ചെയ്തു.
ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയായി. പ്രകാശനച്ചടങ്ങിനുശേഷം പ്രത്യേക സ്മാരക തപാൽ കവർ ബസിലിക്കയുടെ ഓഫീസിൽനിന്ന് ലഭിക്കും. സമ്മേളനത്തിൽ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, വിനു ജോബ് എം.എൽ.എ., റെജി ചെറിയാൻ എം.എൽ.എ. എന്നിവർ പങ്കെടുത്തു.
Published: 24 Nov 2026, 03:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented