മണിമല : കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കാൻ വെള്ളാവൂർ താഴത്തുവടകര ചിറക്കപ്പാറ കടവിൽ തുടങ്ങിയ പാലത്തിന്റെ പണിനിലച്ചു. കരാറുകാരുടെ നിർമാണസാമഗ്രികൾ സ്ഥലത്തുനിന്ന് നീക്കി.

To advertise here,

പാലം നിർമാണത്തിന് 20.22 കോടി രൂപയായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ, 17 കോടി രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. തുക അപര്യാപ്തമെങ്കിൽ ബാക്കി തുകയ്ക്കും ഭരണാനുമതി ലഭിക്കും. 2022-23 ലെ ബജറ്റ് നിർദേശപ്രകാരം ഒരുവർഷം മുൻപാണ് നിർമാണമാരംഭിച്ചത്.

151.6 മീറ്റർ നീളവും 11.05 മീറ്റർ വീതിയും ഏഴര മീറ്ററിൽ ടാറിങും ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമാണ് നിർദേശിക്കപ്പെട്ടിരുന്നത്. 2021-ലെ വെള്ളപ്പൊക്കം കണക്കിലെടുത്ത് ഉയർത്തിയാണ് പാലം നിർമിക്കാൻ പദ്ധതി തയ്യാറാക്കിയത്. വെള്ളാവൂർ പഞ്ചായത്തിൽപ്പെട്ട ഭാഗത്ത് തൂണുകളും അനുബന്ധ റോഡിനുള്ള ഉയർത്തേണ്ട ഭാഗത്തെ നിർമാണവും കഴിഞ്ഞു. മറുകരയിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ ഒരുതൂണുകൂടി നിർമിക്കാനുണ്ട്. ഈ ഭാഗത്തെ തൂണുകൾക്ക് മൂന്നര മീറ്റർ ഉയരം കൂടുതലാണന്ന് ആക്ഷേപമുണ്ട്. ഇതിനാൽ കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശത്തെ റോഡ് പത്ത് അടിയോളം ഉയർത്തേണ്ടിവരുമെന്ന ആശങ്കയുമുണ്ട്. കരാറുകാർ പിൻവാങ്ങിയതോടെ കടത്തുവള്ളവുമില്ല, പാലവുമില്ലെന്ന അവസ്ഥയിലായി നാട്ടുകാർ.