വൈക്കം: അനധികൃത മീൻപിടുത്തത്തിനെതിരേ ജില്ലയിൽ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും വ്യാപകമാക്കി. വേമ്പനാട്ട് കായലിൽ കാട്ടിക്കുന്ന്, വൈക്കം, വെച്ചൂർ, ടിവി പുരം, തണ്ണീർമുക്കം ഭാഗങ്ങളിൽ വകുപ്പ് ഒരുമാസത്തിനിടെ നടത്തിയ രാത്രികാല പട്രോളിങ്ങിൽ വള്ളങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു. തണ്ണീർമുക്കം മേഖലയിൽ ആറുപേരെ പിടികൂടി.

To advertise here,

വൈക്കം മേഖലയിൽ അരളിവല ഉപയോഗിച്ചവരുടെ വലയും വള്ളവും പിടിച്ചെടുത്തു. തിരുവാർപ്പ് നടുവിലെപ്പാടം പാടശേഖരത്തിൽ മോട്ടോർതറയിൽ നിയമവിരുദ്ധമായി സ്ഥാപിച്ച മടവല പിടിച്ചെടുത്തു. ഇവിടങ്ങളിൽനിന്ന് പിടിച്ചെടുത്ത മീൻ ലേലംചെയ്ത് സർക്കാരിലേക്ക് മുതൽക്കൂട്ടി. വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അഞ്ജലിദേവി, ഫിഷറീസ് ഡിവലപ്മെന്റ്‌ ഓഫീസർ രാജ്മോഹൻ, ഫിഷറീസ് ഓഫീസർമാരായ ഐശ്വര്യ സലി, സി.കെ. സ്മിത, പി.എ. ജിഷ്ണു, സി.ബി. വിപിൻ, ഓഫീസ് അസിസ്റ്റന്റ്‌ ജെ. ഗിരീഷ്, ഡ്രൈവർ സ്വാതീഷ് എന്നിവർ പങ്കെടുത്തു. അനധികൃത മീൻപിടിത്തം ശ്രദ്ധയിൽപെട്ടാൽ 0481-2566823 എന്ന ഫോൺ നമ്പരിൽ അറിയിക്കാം.

കർശന നടപടികളെടുക്കും

നിയമവിരുദ്ധമായ ഊത്തപിടിത്തവും വൈദ്യുതി, വിഷം, കൂട്, അരളിവല, അരിപ്പവര എന്നിവ ഉപയോഗിച്ചുള്ള മീൻപിടുത്തവും തടയുന്നതിന് ജില്ലയിലുടനീളം ഊർജിത പരിശോധനകൾ നടത്തും. കിഫാ നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടികളെടുക്കും.

- ഇ. മുജീബ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ.