To advertise here,

ഓർക്കാട്ടേരി: ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും അപ്പോൾ ഗാന്ധിയൻചിന്തകൾ ഏറെ പ്രസക്തമാണെന്നും ലോകത്താകമാനം ഗാന്ധിയൻചിന്തകൾ പ്രകാശഗോപുരമായി നിൽക്കുകയാണെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ്‌ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.

വരുംതലമുറ എന്നാണ് ഗാന്ധിജിയെ മറന്നുപോവുകയെന്ന് നമുക്കറിയില്ല. പലസ്തീന്റെ അംബാസിഡർ ഗാന്ധിജിയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞാണ് കോഴിക്കോട് പ്രസംഗമാരംഭിച്ചത്. കലുഷിതമായ വർത്തമാനകാലത്ത് നിരായുധരായ സ്ത്രീകളെയും കുട്ടികളെയും ബോംബെറിഞ്ഞുകൊല്ലുന്നതാണ് ഗാസയിലെ സാഹചര്യം. ഈ സന്ദർഭത്തിലാണ് ഗാന്ധിയൻദർശനങ്ങളുടെ പ്രസക്തി. നെഹ്റുവിനെ പാഠപുസ്തകങ്ങളിൽനിന്ന് മാറ്റി. ഇഡി, സിബിഐ പോലുള്ള സ്വതന്ത്ര ഏജൻസികൾ സർക്കാർ ചട്ടുകമായി മാറിയെന്നും അവർക്ക് അജൻഡകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാലജനത ഏറാമല പഞ്ചായത്ത് കമ്മിറ്റി ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച ബാലസംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടൻ വി.കെ. ശ്രീരാമൻ മുഖ്യാതിഥിയായി. ബാലജനത പഞ്ചായത്ത് പ്രസിഡന്റ്‌ ദേവനന്ദ വിജേഷ് അധ്യക്ഷയായി. മനയത്ത് ചന്ദ്രൻ, എം.കെ. ഭാസ്കരൻ, പി.കെ. കുഞ്ഞിക്കണ്ണൻ, കെ.കെ. കൃഷ്ണൻ, സി.പി. രാജൻ, വി.കെ. സന്തോഷ് കുമാർ, പി.പി. നിഷ, വിമല കളത്തിൽ, ദിയ ബിജു, പ്രഭീഷ് ആദിയൂര്, പി. കിരൺജിത്ത്, കെ.എം. സുബീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത്തല ബാലകലോത്സവ വിജയികൾക്ക് സമ്മാനവിതരണം നടത്തി. വിവിധ കലാപരിപാടികളും അരങ്ങേറി.