നാളെ പന്ത്രണ്ടുവിളക്ക്

To advertise here,

ഓച്ചിറ : അനുകൂലമായ കാലാവസ്ഥയും ഭൗതികസാഹചര്യവും ഒത്തുചേർന്നതോടെ ഓച്ചിറ പടനിലത്ത് അഭൂതപൂർവമായ തിരക്ക്. രാവിലെ നിത്യഭജനം തൊഴാൻ എത്തുന്നവരുടെയും വൈകീട്ട് തൊഴാനും കലാപരിപാടികളും പടനിലത്തെ പ്രദർശനങ്ങൾ കാണാനുമുള്ളവരുടെയും തിക്കും തിരക്കുമാണ് പടനിലത്ത് അനുഭവപ്പെടുന്നത്. ഗണപതി ആൽത്തറ, കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, ഒണ്ടിക്കാവ്, നക്ഷത്രവനം, വിവിധ പ്രദർശന നഗരികൾ, പരിപാടികൾ നടക്കുന്ന രണ്ട് പ്രധാനയിടങ്ങൾ എന്നിവിടങ്ങളിൽ വലിയ തിരക്കുണ്ട്‌. പ്രദർശന സ്റ്റാളുകളിലെ തിരക്ക്‌ നിയന്ത്രിക്കാൻ പോലീസ് ഏറെ ബുദ്ധിമുട്ടുകയാണ്. പ്രശ്‌നപരിഹാരമെന്നോണം ഗതാഗതനിയന്ത്രണം, വാഹന പാർക്കിങ് എന്നിവയിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്‌. പടനിലത്തേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും ക്ഷേത്രഗോപുരത്തിനു മുന്നിലെ പാർക്കിങ്ങും പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ വഴിവാണിഭത്തിനും നിരോധനമേർപ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലവിലെ 110 സ്പെഷ്യൽ പോലീസിനു പുറമേ 60 പേരെക്കൂടി ഭരണസമിതി നിയമിച്ചിട്ടുണ്ട്. കൂടുതൽ മഫ്തി പോലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും സേവനവും പ്രയോജനപ്പെടുത്തും. പന്ത്രണ്ടുവിളക്ക് നടക്കുന്ന ശനിയാഴ്ച വലിയരീതിയിലുള്ള ഭക്തജനത്തിരക്കാണ്‌ പ്രതീക്ഷിക്കുന്നത്. അതിനാൽ കൂടുതൽ പോലീസിന്റെ സേവനവും കർശനമായ പാർക്കിങ് നിയന്ത്രണവും ആവശ്യമാണ്. സ്വർണം, മറ്റു വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ പരമാവധി ധരിച്ചുകൊണ്ടുവരാതിരിക്കാൻ ഭക്തർ ശ്രമിക്കണമെന്ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ്‌ രാജീവ് കടകംപള്ളിയും സെക്രട്ടറി ബി.എസ്. വിനോദും പറഞ്ഞു.

ഓച്ചിറയിൽ ഇന്ന്

: രാവിലെ എട്ടിന് നാരായണീയ പാരായണം, ഒൻതിന് ആധ്യാത്മിക പ്രഭാഷണം, 9.30-ന് ഭജൻസ്, 10-ന് ഭക്തിഗാനസുധ, 11-ന് ഭജൻസ്, 12-നും 12.30-നും കൈകൊട്ടിക്കളി, ഒന്നിനും 1.30-നും തിരുവാതിര, രണ്ടിന് ഭക്തിഗാനസുധ, വൈകീട്ട് മൂന്നിന് ആരോഗ്യസമ്മേളനം. ഉദ്ഘാടനം മുൻമന്ത്രി മേഴ്‌സിക്കുട്ടിയമ്മ, 6.30-ന് നൃത്തം, 7.30-ന് കീബോർഡ് വാദനം, 8.30-ന് നൃത്തം, 9.30-നും 11-നും കഥാപ്രസംഗം, ഒന്നിന് നാടകം.