ശാസ്താംകോട്ട : രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പോരുവഴി കുറ്റിക്കൽമുക്ക്-കടമ്പനാട് പാത തകർന്ന് യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയായി.

To advertise here,

കാട്ടിൽക്കടവ്-പത്തനാപുരം സംസ്ഥാനപാതയുടെ ഭാഗമായ നാല് കിലോമീറ്ററാണ് പൂർണമായി കുണ്ടുംകുഴിയുമായി കിടക്കുന്നത്. ചക്കുവള്ളി ഭാഗത്തുനിന്നു വരുന്ന വാഹനയാത്രികർക്ക് കല്ലുകുഴി, ഏഴാംമൈൽ എന്നിവിടങ്ങൾ ചുറ്റാതെ കടമ്പനാട്ടെത്താനുള്ള എളുപ്പമാർഗമാണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചുകിടക്കുന്നത്.

എളുപ്പവഴിയായതിനാൽ നിരവധി യാത്രക്കാർ പാതയെ ആശ്രയിക്കുന്നുണ്ട്. മഴക്കാലത്ത് വലിയ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ കാൽനടയാത്രയും ദുരിതത്തിലാകും. വലിയ കുഴികളിൽ വീണ് നിരന്തരം അപകടങ്ങളുമുണ്ടാകുന്നുണ്ട്‌.കടമ്പനാട് പഞ്ചായത്തിന്റെ ഭാഗമായ ഒറ്റത്തെങ്ങുമുതൽ കടമ്പനാട് ജങ്ഷൻ വരെ കുഴികൾ മാത്രമേയുള്ളൂ. പാതയെന്നു പറയാൻ ഒന്നുമില്ല. ടാർ ചെയ്ത ഭാഗം കാണാനേയില്ല. കടമ്പനാട് ക്ഷേത്രത്തിനു മുന്നിലും തെക്കുഭാഗത്തും ചന്തയോടു ചേർന്നുള്ള ഭാഗങ്ങളിലും വാഹനങ്ങൾക്കു പോകാൻ കഴിയാത്ത തരത്തിൽ പാത കുറുകേ മുറിഞ്ഞ് ആഴത്തിലുള്ള കുഴികളാണ്. ഒറ്റത്തെങ്ങിനു കിഴക്ക് അര കിലോമീറ്റർ പൂർണമായി പൊട്ടിപ്പൊളിഞ്ഞു.

കുറ്റിക്കൽമുക്ക്‌ മുതൽ ഒറ്റത്തെങ്ങ്‌ വരെയും തകർന്നു. മിക്ക ഭാഗങ്ങളിലും ടാർ പൂർണമായും ഇളകിമാറി. ഉരുളൻകല്ലുകളും കുഴികളുമായി. വാഹനങ്ങൾ ഇഴഞ്ഞുനീങ്ങേണ്ട അവസ്ഥയാണ്. കുണ്ടുംകുഴികളും കടന്നുള്ള യാത്ര ഇരുചക്രവാഹന യാത്രക്കാരുടെ നടുവൊടിക്കുകയാണ്. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പാതയാണെങ്കിലും അറ്റകുറ്റപ്പണിയുടെ കാര്യത്തിൽ അധികൃതരുടെ ശ്രദ്ധയെത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പാത ഉപരോധിച്ച് ബി.ജെ.പി. പ്രതിഷേധം

​ : കുറ്റിക്കൽമുക്ക്-ഒറ്റത്തെങ്ങ് പാത ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കടമ്പനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പാത ഉപരോധവും നടത്തി. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി കെ. ബിനുമോൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അജയകുമാർ അധ്യക്ഷനായി. ബി.ജെ.പി. അടൂർ മണ്ഡലം ജനറൽ സെക്രട്ടറി അരുൺ താന്നിക്കൽ മുഖ്യപ്രഭാഷണം നടത്തി. അജി വിശ്വനാഥ്, പി.ആർ. മുരളീധരൻ, വിജയേന്ദ്രൻ, അനിൽ, രമേശ്, ഷൈനി, ഗോപി, അനു, ഹരിസുതൻ എന്നിവർ പ്രസംഗിച്ചു.