ആവശ്യം ശക്തമാകുന്നു
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ വഴി കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ തുടങ്ങണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിൽ വെളുത്തമണൽ ഭാഗം വഴി പോകുന്ന കുറച്ച് കെ.എസ്.ആർ.ടി.സി. ബസുകളും സ്വകാര്യ ബസുകളും മാത്രമാണ് ആശ്രയം. ഇതാകട്ടേ, റെയിൽവേ സ്റ്റേഷനു സമീപം ഇടക്കുളങ്ങര ലെവൽക്രോസ് വഴിയാണ് പോകുന്നത്. കിഴക്കുനിന്നു വരുന്ന ബസുകൾ റെയിൽവേ സ്റ്റേഷനു കിഴക്ക് നിർത്തും. ഇവിടെനിന്ന് സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിലേക്ക് എളുപ്പത്തിലെത്താം.
എന്നാൽ, കരുനാഗപ്പള്ളിയിൽനിന്ന് പോകുന്ന ബസുകൾ ഇടക്കുളങ്ങര ലെവൽക്രോസിനു സമീപമാണ് നിർത്തുക. ഇവിടെനിന്ന് യാത്രക്കാർ അരക്കിലോമീറ്ററോളം നടന്നുവേണം റെയിൽവേ സ്റ്റേഷനിലെത്താൻ. ലെവൽക്രോസ് അടഞ്ഞുകിടക്കുന്ന സമയങ്ങളിൽ ഈ റോഡിൽ വാഹനങ്ങളുടെ വലിയ നിരതന്നെയുണ്ടാകും. പലപ്പോഴും ഏറെ പിന്നിലായാണ് ബസുകൾക്ക് നിർത്താൻ സാധിക്കുക.
രാവിലെയും വൈകീട്ടുമാണ് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് കൂടുതലായുള്ളത്. വിദ്യാർഥികളടക്കം നൂറുകണക്കിനു യാത്രക്കാർ ഈ സമയങ്ങളിൽ സ്റ്റേഷനിലെത്താറുണ്ട്.
രാവിലെ നാലുമുതൽ പത്തുവരെയും വൈകീട്ട് മൂന്നുമുതലും കൂടുതൽ ബസുകൾ അനുവദിച്ചാൽ യാത്രക്കാർക്ക് ഏറെ പ്രയോജനമാകും. ബസുകൾ റെയിൽവേ സ്റ്റേഷനു മുന്നിലെത്തി തിരിഞ്ഞുപോകാനുള്ള സൗകര്യവും ഇപ്പോഴുണ്ട്. ഇടക്കുളങ്ങര ലെവൽക്രോസ് മുതൽ സ്റ്റേഷനു മുൻവശംവരെയും വീതി കൂട്ടി ടാർ ചെയ്തിട്ടുണ്ട്. സ്റ്റേഷനു മുന്നിൽ ഏറെ സ്ഥലവുമുണ്ട്. ഇവിടെ ബസുകൾക്ക് യഥേഷ്ടം തിരിയാനും പാർക്ക് ചെയ്യാനും സാധിക്കും.
റെയിൽവേ സ്റ്റേഷനു മുൻവശംവരെ ബസ് സർവീസുകൾ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് റെയിൽവേ ആക്‌ഷൻ കൗൺസിൽ കെ.എസ്.ആർ.ടി.സി. അധികൃതർക്ക് ഉൾപ്പെടെ നിവേദനം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻവരെ പ്രത്യേകം ബസ് സർവീസ് നടത്തണമെന്ന ആവശ്യവും ആക്‌ഷൻ കൗൺസിൽ ഉന്നയിച്ചിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇത് ഏറെ സഹായകമാകും.
Published: 27 Nov 2026, 02:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented