മരമടി 29-ന്
കൊട്ടിയം : സിദ്ധാർത്ഥ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് നവം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നെടുമ്പന ഗ്രാമപ്പഞ്ചായത്തിലെ പുലിയില പോർക്കുളം ഏലായിൽ മരമടി ഉത്സവം നടത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. 29-ന് സമാപനപരിപാടിയായി മരമടി സംഘടിപ്പിക്കാൻ നേരത്തേ അനുമതി നിഷേധിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും, നിശ്ചിത ഉപാധികളോടെ അനുമതി നൽകാൻ ഉത്തരവിടുകയും ചെയ്തു.
കേരളത്തിന്റെ കാർഷികപാരമ്പര്യവും ഗ്രാമീണസംസ്കാരവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, അന്യംനിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത കായിക-കാർഷിക കലാരൂപങ്ങളെ സംരക്ഷിക്കുക, ഗ്രാമീണജനതയുടെ കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മരമടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ 2016 ജനുവരി ഏഴിലെ വിജ്ഞാപനമനുസരിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായ കാളപ്പൂട്ട്/കാളവണ്ടി മത്സരങ്ങൾക്ക് ഉപാധികളോടെ അനുവാദമുണ്ടെന്നും, 2023-ലെ സുപ്രീംകോടതി വിധിയിലൂടെ ഈ വിജ്ഞാപനം ശരിവയ്ക്കപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ച ഉത്തരവിൽ ഈ വിജ്ഞാപനം പരിഗണിച്ചില്ലെന്നു നിരീക്ഷിച്ച കോടതി, ചാട്ടവാർ ഉപയോഗിച്ചുള്ള അടിയോ കൂർത്ത ആയുധങ്ങളോ ഉപയോഗിക്കാതിരുന്നാൽ മൃഗങ്ങൾക്ക് അമിതവേദനയോ പരിക്കോ ഉണ്ടാകേണ്ടതില്ലെന്നും വ്യക്തമാക്കി. 2025-ൽ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിലെ പരാമർശവും മരമടിയുടെ പരമ്പരാഗതസ്വഭാവം സൂചിപ്പിക്കുന്നതായി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ഉത്തരവിന്റെ പകർപ്പ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ നവംബർ 29-ന് മരമടി നടത്താൻ അനുമതി നൽകുന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് കോടതി നിർേദശിച്ചു.
കാളകളെ ഉപയോഗിച്ച് വയലിൽ നടത്തുന്ന പരമ്പരാഗത കൃഷിരീതിയുമായി ബന്ധപ്പെട്ട മരമടി, കേരളത്തിന്റെ കാർഷികചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള പാരമ്പര്യമാണ്. കൃഷിയുമായി ബന്ധപ്പെട്ട അധ്വാനവും കർഷകരുടെ കൂട്ടായ്മയും കാളകളുടെ കരുത്തും ഗ്രാമീണജീവിതത്തിന്റെ ആവേശവും ഒത്തുചേരുന്ന ഉത്സവം ജനങ്ങൾക്ക് വേറിട്ട അനുഭവമാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
നെടുമ്പന ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തെ കേരളത്തിന്റെ സാംസ്കാരികഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന നവം സാംസ്കാരികോത്സവത്തിൽ നാടകം, നാടൻപാട്ട്, ഗാനമേള, കഥാപ്രസംഗം, കലാമത്സരങ്ങൾ, കായികമത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളുമുണ്ട്. കോടതി അനുമതി ലഭിച്ചതോടെ പുലിയില പോർക്കുളം ഏലായിൽ മരമടി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുമെന്നും കർഷകരുടെയും നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സഹകരണത്തോടെ പരിപാടി വിജയകരമായി സംഘടിപ്പിക്കുമെന്നും സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ അറിയിച്ചു.
Published: 26 Nov 2026, 02:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented