ഓയൂർ : ഓടനാവട്ടം കളപ്പില വേട്ടയ്കോട് നിരപ്പുവിളയിൽ കെ.ഐ.പി.കനാൽ പൊട്ടിത്തകർന്നത് പുനർനിർമിക്കാൻ നടപടിയില്ല. സദാനന്ദപുരംമുതൽ ഓയൂർവരെ 15 കിലോമീറ്റർ ദൂരത്തിൽ ജലമൊഴുക്ക് പൂർണമായും തടസ്സപ്പെടുന്ന സ്ഥിതിയാണ്. വെളിയം, വെളിനല്ലൂർ, പൂയപ്പള്ളി, ഉമ്മന്നൂർ പഞ്ചായത്തുകളിലെ ജനങ്ങളെയും കർഷകരെയും ഇത് ഗുരുതരമായി ബാധിക്കും.

To advertise here,

കനാൽ കടന്നുപോകുന്ന പ്രദേശങ്ങളും ഉപകനാലുകൾ പോകുന്ന പ്രദേശങ്ങളിലെ ഏലാക്കൃഷിയും കരക്കൃഷിയും കരിഞ്ഞുണങ്ങും. കിണറുകളിലെ ജലനിരപ്പും കുറഞ്ഞേക്കും.

മാർച്ച് 15-ന് രാത്രി ഏഴിനാണ് നിരപ്പുവിള ഭാഗത്ത് കനാൽ പൊട്ടിയത്. ഏകദേശം 20 മീറ്റർ ദൂരത്തിൽ കനാൽ തകരുകയായിരുന്നു. കനാൽ പൊട്ടിയ സ്ഥലം ഉയർന്ന പ്രദേശമാണ്. താഴ്ചയിൽ ഏലായാണുള്ളത്. ഇവിടെ എടുത്തിട്ട മണ്ണാണ് കനാൽ നിർമിക്കാൻ ഉപയോഗിച്ചതെന്ന് നാട്ടുകാർ പറയുന്നു. കനാൽ പൊട്ടി 30 അടി താഴ്ചയിലേക്ക് വെള്ളം ശക്തമായി ഒഴുകി, താഴെയുള്ള നിരപ്പുവിള ഏലായിൽ പതിക്കുകയായിരുന്നു.

 

നിവേദനം നൽകൽ പതിവ്

കനാൽ തകർന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഏലാകൾ പലതും ചെളിയും മണ്ണും മൂടി. ഇതുമൂലം കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ് കർഷകർ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ നിവേദനങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങി കുഴയുകയാണ്.

‘ഫണ്ട് ഉടൻ അനുവദിക്കണം’

കനാൽ പുനർനിർമിക്കാനുള്ള ഫണ്ട് ഉടൻ അനുവദിക്കണം. കഴിഞ്ഞവർഷം കൃഷിയിറക്കാൻ സാധിച്ചില്ല. ഈ വർഷവും സാധ്യമായില്ലെങ്കിൽ കർഷകർ ബുദ്ധിമുട്ടിലാകും. പുനർനിർമാണത്തിന് കോടികൾ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്.

കെ.എസ്. ഷിജുകുമാർ

ജില്ലാപഞ്ചായത്ത് അംഗം