തെന്മല : അച്ചൻകോവിൽ മുതലത്തോട് വനത്തിനുള്ളിൽ ടാർപ്പോളിൻ മേഞ്ഞ കുടിലുകളിൽ കഴിയുന്ന ആദിവാസി കുടുംബങ്ങൾക്ക് താമസിക്കാനായി താത്കാലിക സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആദിവാസി കുടുംബങ്ങളുടെ ദുരിതം 'മാതൃഭൂമി' പരമ്പരയായി പ്രസിദ്ധീകരിച്ചതോടെയാണ് ഇവർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായത്.
വനത്തിൽ കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാതെയാണ് ഇവർ ജീവിക്കുന്നത്. അച്ചൻകോവിൽ ക്ഷേത്രം കവലയ്ക്കുസമീപം ഇവർക്കുള്ള വീടുനിർമാണം പാതിവഴിയിലാണ്. അതിനാൽ വീടുകൾ പൂർത്തിയാകുന്നതുവരെ ഈ കുടുംബങ്ങളെ ജനവാസമേഖലയിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടി വേണമെന്നാണ് പ്രധാന ആവശ്യം. കൂടാതെ കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നടപടിയും വേണം. പുറംലോകവുമായി ബന്ധപ്പെട്ടു ജീവിക്കുന്നതിന് തൊഴിൽപരിശീലനവും ആവശ്യമാണ്.
വീടുകൾ നിർമിക്കുന്ന ഭാഗത്ത് മൺതിട്ട ഇടിഞ്ഞുവീണത് നീക്കുന്നതിനൊപ്പം അപകടാവസ്ഥ പരിശോധിച്ച് കാടുകൾ വെട്ടിമാറ്റുന്നതിനുള്ള നടപടിയും ആവശ്യമാണ്. പുനരധിവാസത്തിനായി കണ്ടെത്തിയ ഭൂമിയോടുചേർന്ന് തോടൊഴുകുന്ന ഭാഗത്ത് കൽക്കെട്ടുകൾ നിർമിച്ചില്ലങ്കിൽ ഭാവിയിൽ അപകടമുണ്ടാകാനുള്ള സാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. വീടുകളുടെ നിർമാണപുരോഗതി വിലയിരുത്തുന്നതിനും അപാകം ചൂണ്ടിക്കാട്ടുന്നതിനും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണമെന്നും ആവശ്യമുണ്ട്.
Published: 17 Oct 2026, 02:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented