പരവൂർ :കൂനയിൽ ജി.എൽ.പി. സ്കൂൾ-കലയ്ക്കോട് ഐശ്വര്യ പബ്ലിക് സ്കൂൾ റോഡിന്റെ (ഞാറോട് റോഡ്) നവീകരണം പാതിവഴിയിൽ നിലച്ചതോടെ യാത്രക്കാർ വലയുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്‌ ആരംഭിച്ച പണിയാണ് മുടങ്ങിയത്. റോഡ് കുത്തിപ്പൊളിച്ചു നിരത്തിയ മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനയാത്ര പ്രയാസമാണ്. സ്കൂട്ടർ യാത്രികർക്ക്‌ വീണുപരിക്കേൽക്കുന്നുമുണ്ട്‌. വിളിച്ചാൽ ഓട്ടോറിക്ഷകൾപോലും എത്താത്ത സ്ഥിതിയായി.

To advertise here,

കൂനയിൽ എൽ.പി.എസ്., കലയ്ക്കോട് ഐശ്വര്യ സ്കൂൾ, ലിറ്റിൽ ഫ്ളവർ ചർച്ച്, സാമൂഹികാരോഗ്യകേന്ദ്രം, മാടൻനട എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. കലയ്ക്കോട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ പോകുന്ന പരവൂർ ഭാഗത്തുള്ളവർക്കും യാത്രാദുരിതമാണ്‌.

ഏറെ വർഷങ്ങളായി റോഡ്‌ കുണ്ടും കുഴിയും നിറഞ്ഞ് ശോച്യാവസ്ഥയിലായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിലാണ് നവീകരണം ആരംഭിച്ചത്. എന്നാൽ കരാറെടുത്ത സൊസൈറ്റിയുടെ പ്രസിഡന്റ് മരിച്ചതോടെ പണി നിലച്ചു. അശാസ്ത്രീയമായി റോഡിന്റെ പല ഭാഗങ്ങളും കോൺക്രീറ്റ്‌ ചെയ്തിരിക്കുന്നതും അപകടങ്ങളുണ്ടാക്കുന്നുണ്ട്.

കർമസമിതി രൂപവത്കരിച്ചു

പരവൂർ :കൂനയിൽ എൽ.പി.എസ്.-കലയ്ക്കോട് ഐശ്വര്യ സ്കൂൾ റോഡ്‌ നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ചു.

മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണമന്ത്രി, കളക്ടർ എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

കലയ്ക്കോട് ലിറ്റിൽ ഫ്ളവർ ചർച്ച് വികാരി ഫാ. ഡിക്സൻ ആന്റണി, ഐശ്വര്യ സ്കൂൾ മാനേജർ ജോഷി, ദിലീപ്കുമാർ, അനിൽകുമാർ, ഡോ. ജ്യോതി ഇഗ്നേഷ്യസ്, ഗീത, പ്രസാദ്, അജിത്ത്, ബിജു തുടങ്ങിയവർ പ്രസംഗിച്ചു.