കൊല്ലം : സിനിമകളിൽ നിശ്ചല ഛായാഗ്രാഹകനും സിനിമാവാരികയുടെ ഫോട്ടോഗ്രാഫറുമായി പ്രവർത്തിച്ച, കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനു സമീപം ആനേഴ്‌ത്തുമുക്ക് ലക്ഷ്മിഭവനിൽ കൊല്ലം മോഹൻ (73) തീവണ്ടിയിൽനിന്നു വീണ്‌ മരിച്ചു. മാർത്താണ്ഡം കുഴിത്തുറ വെസ്റ്റിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. സഹോദരങ്ങൾക്കൊപ്പം മാർത്താണ്ഡത്തുള്ള കുടുംബക്ഷേത്രത്തിൽ പോകവേയാണ്‌ അപകടം.

To advertise here,

1953 ഓഗസ്റ്റ് അഞ്ചിന് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്താണ് ജനിച്ചത്. കൊല്ലത്ത് മാധ്യമപ്രവർത്തകനായെത്തിയശേഷമാണ് കൊല്ലം മോഹൻ എന്ന പേരിൽ പ്രശസ്തനായത്. അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം, അനന്തരം, മതിലുകൾ എന്നീ ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനായിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനംചെയ്ത രാധ എന്ന പെൺകുട്ടി, കലിക, ഹരികുമാറിന്റെ സ്നേഹപൂർവം മീര, രവിഗുപ്തന്റെ ബലൂൺ തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ലോഹിതദാസ് സംവിധാനംചെയ്ത സൂത്രധാരനിൽ ചെറിയ വേഷവും ചെയ്തു. ദേശീയ, അന്താരാഷ്‌ട്ര ഫോട്ടോഗ്രഫി മത്സരങ്ങളിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടി. മാക്ടയിലെ ആജീവനാന്ത അംഗമാണ്. ഫെഫ്ക-ഫോട്ടോഗ്രാഫേഴ്‌സ് യൂണിയൻ അംഗവുമാണ്. സൂംലെൻസിലൂടെ മോഹൻലാൽ, ക്യാമറയ്ക്കു മുന്നിലും പിന്നിലും എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അച്ഛൻ: അഴകുവിളാകം വീട്ടിൽ ശങ്കരനാരായണപിള്ള. അമ്മ: ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: രുഗ്‌മിണിദേവി. മക്കൾ: രഞ്ജിത്ത് മോഹൻ, രഞ്ജിനി. മരുമകൻ: ആദർശ്. മൃതദേഹം നാഗർകോവിൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം വെള്ളിയാഴ്ച കൊല്ലത്തേക്ക് കൊണ്ടുവരും. സംസ്കാരം മുളങ്കാടകം ശ്മശാനത്തിൽ.

നിശ്ചലമാകാത്ത സ്മരണകൾ

​കൊല്ലം : കൊല്ലത്തിന്റെ സജീവസാന്നിധ്യമാണ് വിടവാങ്ങിയത്. സിനിമാലോകത്തും കൊല്ലം മോഹനെ അറിയാത്തവരില്ല. സെറ്റുകളിൽ നാനയ്ക്കുവേണ്ടി ഫോട്ടോഗ്രാഫറായിരുന്നു. ചില ചിത്രങ്ങളുടെ നിശ്ചലഛായാഗ്രാഹകനായും പ്രവർത്തിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, കമലഹാസൻ തുടങ്ങി സൂപ്പർസ്റ്റാറുകളുമായി ബന്ധമുണ്ടായിരുന്ന ഫോട്ടോഗ്രാഫറായിരുന്നു.

ഇരുപത്തിയഞ്ചോളം ഫോട്ടോഗ്രാഫർമാരുള്ള കുടുംബത്തിൽനിന്നാണ് അദ്ദേഹം ഈ രംഗത്തെത്തിയത്. സഹോദരന്മാർ, അമ്മാവന്മാർ എല്ലാവരും ഫോട്ടോഗ്രാഫർമാരാണ്. അമ്മാവൻ കരുണാകരൻനായർ കൊല്ലത്ത് ആനന്ദവല്ലീശ്വരത്ത് സ്റ്റുഡിയോ നടത്തുന്നുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ജോലിയൊന്നും ആകാതിരുന്നപ്പോൾ മോഹനും കൊല്ലത്ത് എത്തി. അവരുടെ ശിക്ഷണത്തിലാണ് ഫോട്ടോഗ്രാഫറാകുന്നത്.

പി.എൻ. മേനോൻ സംവിധാനം ചെയ്യുന്ന ‘ചെമ്പരത്തി’ സിനിമയുടെ ഷൂട്ടിങ്‌ കൊല്ലത്ത് നടന്നപ്പോൾ രാഘവനും ശോഭനയും സീനിൽ ഉപയോഗിക്കാൻവേണ്ടി വിവാഹഫോട്ടോ എടുക്കുന്നതിനായി സ്റ്റുഡിയോയിൽ വന്നു. ആ ഫോട്ടോ ‘നാന’യിൽ കൊടുത്തു. അത്‌ അന്ന് ‘സിനിമയിലല്ല’ എന്ന ടൈറ്റിലിൽ അച്ചടിച്ചുവന്നു. അങ്ങനെയാണ് അച്ചടിലോകത്തെ തുടക്കം. പിന്നീടങ്ങോട്ട് മലയാളസിനിമയിൽ അദ്ദേഹം ഫോട്ടോ എടുക്കാത്ത താരങ്ങൾ കുറവായിരുന്നു.

ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ സ്നേഹിച്ച ഭരതൻ, സംഗീതസംവിധായകൻ രവീന്ദ്രനുമായുള്ള ആത്മബന്ധം, ദേഷ്യപ്പെട്ട് ഉടനെതന്നെ മരത്തിൽ വലിഞ്ഞുകയറി തൂങ്ങിക്കിടന്ന് പോസ് ചെയ്ത് അദ്‌ഭുതപ്പെടുത്തിയ മമ്മൂട്ടിയുടെ കുസൃതി, മോഹൻലാലിന്റെ സഹായങ്ങൾ അങ്ങനെ സിനിമാലോകത്തെ ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും വലിയൊരു അനുഭവകഥാലോകവും അദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നു. സിനിമയ്ക്കപ്പുറം കന്യാകുമാരി കടപ്പുറത്തുവെച്ച് ‘മായമ്മ’ എന്ന അഗതിയായ യാചകസ്ത്രീയുടെ മുഖം മോഹൻ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാംസമ്മാനം നേടിയിരുന്നു. കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിയായ ഗർഭിണി പ്രസവിച്ചപ്പോൾ, അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആ നിമിഷത്തിന്റെ തീവ്രത ചോർന്നുപോകാതെ മോഹൻ പകർത്തിയ ചിത്രവും ഏറെ പ്രശസ്തമായിരുന്നു.

മലയാളസിനിമയുടെയും ജീവിതത്തിന്റെയും എത്രയോ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച ക്യാമറക്കണ്ണുകളാണ് ഇപ്പോൾ നിശ്ചലമായത്. പക്ഷേ, നിശ്ചലചിത്രങ്ങൾ ചലനാത്മകമാക്കി സൗഹൃദവലയങ്ങളിൽ കൊല്ലം മോഹന്റെ ഓർമ്മകൾ തുടരും.